ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്നു മുതല്‍, ജയിച്ചാല്‍ ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍

ഇന്‍ഡോര്‍: ലോകചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് മൂന്നാം ടെസ്റ്റിന്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് മത്സരവും ജയിച്ച് നാല് മത്സര പരമ്പര ഇന്ത്യ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. ഇന്നു തുടങ്ങുന്ന ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ലോകചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. പരമ്പര അപരാജിതമായതോടെ അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നേട്ടത്തോടൊപ്പം ഇത്തവണയും പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യക്കായി.
എന്നാല്‍ പരമ്പരയില്‍ ഒപ്പമെത്താനുള്ള അവസരം ഇനിയും ഓസ്ട്രേലിയയ്ക്ക് മുന്നിലുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്താന്‍ സാധിക്കും. മാത്രവുമല്ല, ഇന്ത്യയുടെ ഫൈനല്‍ സാധ്യത കുറയ്ക്കാനും അതിലൂടെ ഓസീസിനു സാധിക്കും. അതുകൊണ്ട് തന്നെ ഇന്‍ഡോറില്‍ ആരംഭിക്കുന്ന മൂന്നാം മത്സരം വളരെ പ്രധാനപ്പെട്ടതാണ്.മത്സരം ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കും.
ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയെത്തുമ്പോള് ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയം ആവര്‍ത്തിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ വലിയ മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ എത്തുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്കു പോയ കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍ ഗ്രീനും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നു എന്നത് ഓസീസിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. വലിയ ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവ് കാമറൂണ്‍ ഗ്രീന്‍ ഓള്‍റൗണ്ടറാണ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഗ്രീന്‍ കൂടാതെ മീഡിയം പേസറെന്ന നിലയിലും ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുണ്ട്. നിലവില്‍ ഓസ്ട്രേലിയുടെ ബാറ്റിങ് നിര അല്‍പ്പം പ്രതിരോധത്തിലൂന്നിയാണ് കളിക്കുന്നത്. എന്നാല്‍ ഗ്രീന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനായതിനാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാം. മിച്ചല്‍ സ്റ്റാര്‍ക്കും തുടക്കത്തിലേ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവയാളാണ്.
മിന്നല്‍ യോര്‍ക്കറുകളുമായി ഇന്ത്യയുടെ ടോപ് ഓഡറിനെ വിറപ്പിക്കാന്‍ സ്റ്റാര്‍ക്കിന് സാധിക്കും. മികച്ച റിവേഴ്സ് സ്വിങ്ങിനോടൊപ്പം സ്റ്റംപിന് ആക്രമിക്കുന്ന താരമാണ് സ്റ്റാര്‍ക്ക്. അതുകൊണ്ട് തന്നെ ഇന്ത്യ ഭയക്കണം.