ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജൂണില്‍ ഇന്ത്യന്‍ ജനസംഖ്യ 142.86 കോടിയാകും. ചൈനയേക്കാള്‍ (142.57 കോടി) 29 ലക്ഷം കൂടുതല്‍.
അമേരിക്ക മൂന്നാംസ്ഥാനത്തെത്തും (34 കോടി). ലോകത്തെയാകെ ജനസംഖ്യ 804.5 കോടി. ഫെബ്രുവരിവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍, യുഎന്‍ ഡാറ്റ വിശകലനം ചെയ്ത ജനസംഖ്യാ വിദഗ്ധര്‍ ഇന്ത്യയുടെ ജനസംഖ്യ ഏപ്രിലില്‍ ചൈനയെ മറികടക്കുമെന്ന് പ്രവചിച്ചു. യുഎന്‍ കണക്ക് പ്രകാരം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുന്നത് ഇതാദ്യം. 1950 മുതലാണ് യുഎന്‍ ജനസംഖ്യവിവരം ശേഖരിച്ചു തുടങ്ങിയത്.കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയും ചൈനയുടേത് 144.85 കോടിയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം, ആറു പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയിലെ ജനസംഖ്യ കുറഞ്ഞു. പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ പ്രത്യുല്‍പാദനനിരക്ക് രണ്ടും ചൈനയുടേത് 1.2ഉം ആണ്. ഇന്ത്യയും ചൈനയും ചേര്‍ന്നാല്‍ ലോകജനസംഖ്യയുടെ മൂന്നിലൊന്ന് വരും.

ഇന്ത്യയില്‍ പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 71ഉം സ്ത്രീയുടേത് 74ഉം ആണ്. ചൈനയില്‍ ഇത് 76ഉം 82ഉം ആണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ 68 ശതമാനം പേര്‍ 15നും 64നും ഇടയില്‍ പ്രായമുള്ളവരും ഏഴുശതമാനം 65 വയസ്സിന് മുകളിലുള്ളവരുമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ നാലിലൊന്നും 14 വയസ്സില്‍താഴെയുള്ളവരാണ്. മൂന്നുദശകമായി കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജനസംഖ്യ 165 കോടിവരെ എത്തുമെന്നും അതിനുശേഷം കുറഞ്ഞുതുടങ്ങുമെന്നും വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. 2011ലാണ് ഇന്ത്യയില്‍ അവസാനമായി സെന്‍സസ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *