അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് ആദിത്യ സൂര്യന്റെ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുക. ബംഗളുരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് ടെലിമെട്രി നെറ്റ്‌വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയാകും ഐഎസ്ആര്‍ഒ.
ഏഴ് പേ ലോഡുകളാണ് ആദിത്യ എല്‍ വണ്ണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ് അഥവാ വിഇഎല്‍സിആണ് ഒന്നാമത്തേത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആസ്‌ട്രോഫിസിക്‌സാണ് ഈ ഉപകരണം നിര്‍മ്മിച്ചത്. പൂനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോ ഫിസിക്‌സ് വികസിപ്പിച്ച സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് ആണ് രണ്ടാമത്തെ ഉപകരണം. സൂര്യനില്‍ നിന്നുള്ള എക്‌സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാര്‍ ലോ എന്‍ര്‍ജി എക്‌സ് റേ സ്‌പെക്ട്രോ മീറ്റര്‍ , ഹൈ എനര്‍ജി എല്‍ വണ്‍ ഓര്‍ബിറ്റിംഗ് എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകള്‍.
സൂര്യനില്‍ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ് പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്‌നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയാണ് പിഎപിഎ പേ ലോഡിന് പിന്നില്‍. ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എല്‍ വണ്ണിന്റെ പ്രത്യേകതയാണ്.
സൂര്യന്റെ കൊറോണയെക്കുറിച്ചും, കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് വിളിക്കുന്ന സൗര സ്‌ഫോടനങ്ങളെക്കുറിച്ചും പുത്തന്‍ വിവരങ്ങളാണ് ആദിത്യയിലൂടെ ലക്ഷ്യമിടുന്നത്. സൂര്യനില്‍ നിന്ന് വരുന്ന പല തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും തടഞ്ഞുനിര്‍ത്തുന്നത് കൊണ്ടാണ് നമ്മുടെ ഗ്രഹത്തില്‍ ജീവന്‍ ഇപ്പോഴത്തെ രീതിയില്‍ നിലനില്‍ക്കുന്നത്. ആ തരംഗങ്ങളെയും കാന്തിക പ്രഭാവങ്ങളെയും പഠിക്കണമെങ്കില്‍ ഭൂമിയുടെ സംരക്ഷണത്തിന് പുറത്ത് പോയാലേ സാധിക്കൂ. സൗരയൂധത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തന്‍ അറിവുകള്‍ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.