ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കൂടുതല്‍ വാഹനം വാങ്ങിയിരുന്നതായി സൂചന

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കൂടുതല്‍ വാഹനം വാങ്ങിയിരുന്നതായി സൂചന. ചെങ്കോട്ടയില്‍ ചാവേറായി പൊട്ടിത്തെറിച്ച ഡോക്ടര്‍ ഉമര്‍ നബി വാങ്ങിയ ചുവപ്പു നിറത്തിലുള്ള ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറിനായി വ്യാപക തിരച്ചില്‍. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കാര്‍ കണ്ടെത്താനായി പൊലീസ് വ്യാപക പരിശോധന നടത്തിവരുന്നത്.

അതിര്‍ത്തികളില്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും പ്രധാന നഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചുവന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ DL10CK0458 ആണ്. ഡല്‍ഹി സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് എന്നറിയപ്പെടുന്ന ഉമര്‍ ഉന്‍ നബിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2017 നവംബര്‍ 22 ന് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ ആര്‍ടിഒയിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാഹനം വാങ്ങാന്‍ ഉമര്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വ്യാജ വിലാസമാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ആ സ്ഥലത്തും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. എക്കോ സ്‌പോര്‍ട്ട് കാര്‍ കണ്ടെത്താനായി അഞ്ച് പൊലീസ് സംഘത്തെയാണ് ഡല്‍ഹി പൊലീസ് നിയോഗിച്ചിട്ടുള്ളത്.