സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്ന് സൂചന

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്ന് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. താരിഖ് എന്നയാളില്‍ നിന്നാണ് ഉമര്‍ കാര്‍ വാങ്ങിയതെന്നും സൂചനയുണ്ട്. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് നാല് പേരെയും കസ്റ്റഡിയില്‍ എടുത്തത്. പഹഡ്ഗഞ്ച്, ദരിയാ ഗഞ്ച് എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പൊലീസിന്റെ പരിശോധന നടക്കുകയാണ്. ഹോട്ടലുകളുടെ രജിസ്റ്ററുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ അശോക് കുമാറാണ് മരിച്ചവരില്‍ ഒരാള്‍. ഡല്‍ഹിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഡല്‍ഹി ശ്രീനിവാസ്പുരി സ്വദേശി അമര്‍ ഖട്ടാരിയയാണ് മരിച്ചവരില്‍ മറ്റൊരാള്‍.