തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തില്‍ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാന്‍ നിര്‍ദ്ദേശം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ടുനിന്ന നവകേരള സദസില്‍ ക്രമസമാധാന ചുമതല നന്നായി നിറവേറ്റിയ സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ് പിമാര്‍ക്കും ഡി ഐ ജിമാര്‍ക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്കായി വിന്യസിച്ചായിരുന്നു നവകേരള യാത്ര നടത്തിയത്. യൂത്ത്‌കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടേതുമടക്കം പ്രതിഷേധങ്ങള്‍ പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനടക്കം എതിരെ കേസെടുക്കാനും കോടതി നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് മികച്ച പ്രകടനം തന്നെ നടത്തിയതായി അഭിപ്രായപ്പെട്ട് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നത്.