ലൈഫ് മിഷന്‍ കേസില്‍ ആറ് മാസമായി ജയിലില്‍ കഴിയുന്ന എം ശിവശങ്കറിന് ഇടക്കാല ജാമ്യം

ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി.
ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസില്‍ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ജയിലില്‍ കഴിയുകയായിരുന്നു അദ്ദേഹം. ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് നീക്കം.
ചികിത്സ നടത്താന്‍ ജാമ്യം വേണമെന്ന് കോടതിയില്‍ ശിവശങ്കര്‍ വാദിച്ചപ്പോള്‍, ആരോഗ്യ പ്രശ്ങ്ങളുടെ പേരില്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്‌നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയില്‍ ഉയര്‍ത്തിയത്.