പതിനഞ്ചുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതിയെ സംരക്ഷിച്ചത് തലസ്ഥാനജില്ലയിലെ പ്രമുഖ ഐഎന്റ്റിയുസി നേതാവ്

തിരുവനന്തപുരം: പൂവച്ചലില്‍ പതിനഞ്ചുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ സംരക്ഷിച്ചത് തലസ്ഥാനത്തെ ഐ എന്‍ റ്റി യുസി നേതാവെന്ന് ആക്ഷേപം. ഐഎന്‍ റ്റി യുസി ജില്ലാ ഭാരവാഹിയുടെ ബന്ധുവാണ് പതിനഞ്ചുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രിയരഞ്ജന്‍.

ഐല്‍എന്റ്റിയുസി നേതാവിന്റെ സ്വാധീനത്താലാണ് ഇത്രയും നാള്‍ പ്രിയരഞ്ജന്‍ തമിഴ്‌നാട്ടിലെ തക്കലയില്‍ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. പ്രിയരഞ്ജന്‍ തന്നെ പോലീസിനോട് ഇക്കാര്യം സമ്മതിച്ചതായാണ് വിവരം. ഇതോടെയാണ് ഐഎന്‍ റ്റി യുസി നേതാവ് സംശയത്തിന്റെ നിഴലിലായത്. കുറ്റം ചെയ്തയാളെ സംരക്ഷിക്കുന്നതും കുറ്റമാണെന്നിരിക്കെ നേതാവിനെതിരെ പോലീസ് കേസെടുക്കുമെന്നും വിവരമുണ്ട്. അങ്ങനെവന്നാല്‍ നേതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

വിവരം പുറത്ത് വന്നതോടെ ഐഎന്‍ റ്റി യു സി നേതാവ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുതുടങ്ങിയിട്ടുണ്ട്. ഒരു നിഷ്‌കളങ്കനായ പിഞ്ചുബാലനെ കൊന്നവന് കൂട്ട് നിന്ന ജില്ലാനേതാവിനെതിരെ അന്വേഷണം നടത്തുമെന്നും വേണ്ടിവന്നാല്‍ നടപടിയെടുക്കുമെന്നും ഐഎന്‍ ടിയുസി സംസ്ഥാന പ്രസിഡന്റ് ച്ദ്രശേഖരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് അതിര്‍ത്തിയില്‍ വെച്ചാണ് പൂവച്ചലിലെ പ്രിയരഞ്ജനെ (42) പോലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് ഒളിവിലായിരുന്ന പ്രതി തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാല് സംഘങ്ങളായുള്ള തിരച്ചിലിന്നോടുവിലാണ് ഇയാള്‍ പിടിയിലായത്.

പൂവച്ചല്‍ സ്വദേശി അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകന്‍ ആദിശേഖറിനെ (15) യാണ് ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നില്‍ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വെളിയില്‍ വന്നതോടെയാണ് അപകടമരണം കൊലപാതകമായി മാറിയത്.

ക്ഷേത്രത്തിന് മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചിടുകയായിരുന്നു. സിസിടിവി ദൃശ്യത്തിന്റെയും, കുട്ടിയുടെ മാതാപിതാക്കളുടെയും, അടുത്ത ബന്ധുവിന്റെയും മൊഴി അനുസരിച്ചാണ് പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തത്. പ്രതിക്ക് കുട്ടിയോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് അച്ഛനമ്മമാരുടെയും മറ്റൊരു ബന്ധുവിന്റെയും മൊഴി. തുടര്‍ന്നാണ് അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *