ഐഎന്‍ടിയുസി പണിമുടക്കില്‍ നിന്ന് മാറിനില്‍ക്കുന്നു; തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കാത്തതിനാല്‍ ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി മാറിനില്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചു. ഐഎന്‍ടിയുസി കേരളത്തില്‍ തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡി സതീശന്‍ നടത്തുന്ന ജാഥ മാറ്റണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിരുന്നെങ്കിലും സതീശന്‍ അത് മുഖവിലയ്ക്ക് എടുത്തില്ലെന്നും ഇതിനെതിരെ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ തിരുത്താന്‍ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ ദിവസേന തൊഴിലാളി വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുകയാണെന്നും ദേശീയ പണിമുടക്ക് ലോകത്തിന്റെ ശ്രദ്ധ നേടുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നാണ് ഈ പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.