പിണറായി വിജയന്റെ മകൾ എന്ന നിലയിലാണ് അന്വേഷണം;രാഷ്ട്രീയ പകപോക്കലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെ ഇത്തരം നിലപാടുണ്ട്. അന്വേഷണം നടക്കട്ടെ. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷമെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ രാഷ്ട്രീയ അജണ്ടയാണ്. കേരളത്തിലെ കോൺഗ്രസിന് പോലും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ ആദ്യം കഴിഞ്ഞില്ല. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിനൊപ്പമാണ്. ഇടത് പാർട്ടികൾ വിശ്വാസികളുടെ വിശ്വാസത്തിനൊപ്പം നിൽക്കും. പക്ഷേ, പണി പൂർത്തിയാകാത്ത രാമക്ഷേത്രം രാഷ്ട്രീയ ലക്ഷ്യം വച്ച് ഉദ്ഘാടനം ചെയ്യുന്ന വർഗീയതയ്‌ക്കൊപ്പം ഇല്ല. നവകേരള സദസ് ചരിത്രപരമായ വൻ മുന്നേറ്റമാണ്. ഒന്നാം പിണറായി സ‍ർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചെങ്കിൽ രണ്ടാം പിണറായി കാലത്തെ വലിയ മുന്നേറ്റമായിരുന്നു സദസ്. ജനകീയ വിദ്യാഭ്യാസത്തിന്റെ പുതിയ അദ്ധ്യായമാണ്. 35 ലക്ഷം ജനങ്ങളുമായി സംവദിച്ചു.

സമൂഹ മാദ്ധ്യമങ്ങൾ വഴി അടക്കം ഒന്നര കോടി ജനങ്ങളുമായി സംവദിച്ചു. യുഡിഎഫ് ബദൽ പരിപാടി ജനങ്ങളില്ലാതെ ശോഷിച്ചു. കലാപാഹ്വാനം നടത്തി, രാഷ്ട്രീയമായി സമനില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷത്തിന്.’ – എംവി ​ഗോവിന്ദൻ പറഞ്ഞു.സാഹിത്യകാരൻമാരായാലും കലാകാരൻമാരായാലും ഉന്നയിക്കുന്ന വിമർശനങ്ങൾ കാത് കൂർപ്പിച്ച് തന്നെ കേൾക്കും. അതിനനുസരിച്ച് മാറ്റം ആവശ്യമെങ്കിൽ വരുത്തും. ക്രിയാത്മക നിലപാടിനൊപ്പമാണ് സിപിഎം എന്നും. സൂര്യനെ പോലെയാണ് മുഖ്യമന്ത്രി എന്ന പരാമർശത്തിൽ വ്യക്തിപൂജയില്ല. വ്യക്തിപൂജയെ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം. കേന്ദ്രത്തിനെതിരായ സമരം 16ന് എൽഡിഎഫ് തീരുമാനിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *