കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം ഇഴയുന്നു

പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ മൊഴിയെടുത്തില്ലെന്ന് ആക്ഷേപം

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടും അന്വേഷണം ഇഴയുന്നതായി ആക്ഷേപം. കേസിലെ നിര്‍ണായക സാക്ഷിയായ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്ന് ദിവസം പിന്നിട്ടിട്ടും ഇതുവരെയും പൊലീസ് മൊഴിയെടുക്കാത്തതാണ് സംശയങ്ങള്‍ ജനിപ്പിക്കുന്നത്.
എസ്.പി സുദര്‍ശന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി വി.കെ രാജു അന്വേഷണ ചുമതലക്കാരനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും ഇതുവരെയും പൊലീസ് മൊഴിയെടുത്തിട്ടില്ലെന്നും ആശങ്കയുണ്ടെന്നും ബി.ജെ.പി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പിന് വേണ്ടി മൊഴിയെടുപ്പ് മാറ്റിവയ്‌ക്കേണ്ടതില്ലെന്നിരിക്കെ എന്ത് കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിക്കാത്തതെന്ന് പൊലീസിന് മാത്രമേ അറിയൂവെന്നും തിരൂര്‍ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. വിവരങ്ങള്‍ പുറത്തുവന്നിട്ട് 20 ദിവസം കഴിഞ്ഞു. ഞാന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന് പിന്നാലെ പൊലീസ് എന്നെ വിളിച്ചിരുന്നു. പക്ഷേ പിന്നീട് ആരും ബന്ധപ്പെട്ടിട്ടില്ല. പുതിയ അന്വേഷണസംഘം പ്രഖ്യാപിച്ച് മൊഴിയെടുക്കുന്നതിന് കോടതി സമീപിച്ചുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇതുവരെയും മൊഴിയെടുക്കാനെത്തിയിട്ടില്ല. അന്ന് ബി.ജെ.പിയില്‍ തൃശൂര്‍ ജില്ലയുടെ ചുമതല ഉണ്ടായിരുന്നത് പാലക്കാട്ടെ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനായിരുന്നു. അതിനാല്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ ആശങ്കയുണ്ട്. മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പുറമേ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താനുണ്ട്. കൈമാറാന്‍ കൂടുതല്‍ തെളിവുകളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയെ വീണ്ടും കടുത്ത വെട്ടിലാക്കുകയാണ് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബി.ജെ.പിക്കെതിരെയും കെ. സുരേന്ദ്രനെതിരെയും തിരൂര്‍ സതീഷ് മുമ്പ് കൊടകര കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *