തിരുവനന്തപുരം : കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അണ് എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 13 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് നിക്ഷേപകരുടെ പ്രതിഷേധം. പണം തിരികെ തരണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്.
300 നിക്ഷേപകര്‍ക്കായി 13 കോടി നഷ്ടമായെന്നാണു പരാതി. സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രന് പണം മുഴുവന്‍ പിന്‍വലിച്ചെന്നും ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണ് നിക്ഷേപം നടത്തിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ മൂന്നു മണിക്കൂറിലധികം ശിവകുമാറിന്റെ വീടിനു മുന്നില്‍ പ്രതിഷേധമുണ്ടായി.
മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും പരാതി നല്കാന് സഹായം ചെയ്യുമെന്ന് സ്ഥലത്തെത്തിയ സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്കി. സൊസൈറ്റിയുമായി നേരിട്ടു ബന്ധമില്ലെന്നു ശിവകുമാര്‍ പറഞ്ഞു. 2006ല്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഉദ്ഘാടനം നടത്തിയിട്ടുണ്ട്. ഉദ്ഘാടനം ചെയ്തവരുടെ വീട്ടില്‍ അല്ല പ്രതിഷേധിക്കേണ്ടത്. ആരോടും പണം നിക്ഷേപിക്കാന്‍ പറഞ്ഞിട്ടില്ല. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനുമായി ഇപ്പോള്‍ ബന്ധമില്ലെന്നും ശിവകുമാര്‍ പറഞ്ഞു.