ഇറാൻ-അമേരിക്ക ചർച്ച അന്തിമ കരാറിലേക്ക്? പൊതുതത്വങ്ങളിൽ ധാരണയായി, ഇസ്രയേലിന്‍റെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ

ജനീവ: ഇറാൻ – അമേരിക്ക ചർച്ച അന്തിമ കരാറിലേക്ക് നീങ്ങുന്നതായി സൂചന. ഇന്നലെ നടന്ന ചർച്ചയിൽ കരാറിന്‍റെ പൊതു തത്വങ്ങളിൽ ധാരണയായി. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കും. തുടർന്നുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ഇറാന്‍റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കരാറിന്‍റെ ഭാഗമാകുമോയെന്ന് നിലവിൽ വ്യക്തമല്ല. ജനീവയിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ആണ് ചർച്ചകൾ നടന്നത്. ഒരു ഭാഗത്ത് ചർച്ചകളും മറുഭാഗത്ത് സൈനികാഭ്യാസങ്ങളും വെല്ലുവിളികളും നടക്കുകയാണ്. ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ പടക്കപ്പലുകൾ തകർക്കുമെന്നും നിവർന്നു നിൽക്കാൻ കഴിയാത്ത തിരിച്ചടി നൽകുമെന്നും ഇറാൻ പരമോന്നത നേതാവ് ഖമനേയി വ്യക്തമാക്കി.