ശബരിമലയിലുണ്ടായ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയം; കെ ജയകുമാര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സത്യം അന്വേഷിക്കുന്ന ഏത് പ്രവര്‍ത്തിക്കുമൊപ്പവും നില്‍ക്കും. ശബരിമലയിലുണ്ടായ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയില്‍ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറയുന്നു.

കോടതി നിര്‍ദേശത്തില്‍ അന്വേഷിക്കുന്ന ഒരു കേസില്‍ ഒരു അഭിപ്രായവും താന്‍ പറയില്ല. അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത ഉണ്ടാകണം. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എസ്‌ഐടി സംഘം പരിശോധനയ്ക്കായി സന്നിധാനത്തേക്ക് പുറപ്പെട്ടു. വിദഗ്ധ സംഘമാണ് പമ്പയില്‍ നിന്ന് പുറപ്പെട്ടത്. ഇന്നലെ തന്നെ ഒരു സംഘം സന്നിധാനത്ത് എത്തിയിരുന്നു. എസ്പി ശശിധരനും സന്നിധാനത്തേക്ക് തിരിച്ചിട്ടുണ്ട്.