യുദ്ധം അവസാനിച്ചു? ഇറാൻ വലിയൊരു ‘സമ്മാനം’ നൽകിയെന്ന് ട്രംപ്

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ ഇറാൻ അമേരിക്കയ്ക്ക് വലിയൊരു ‘സമ്മാനം’ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ – വാതകക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാൽ ആ സമ്മാനം എന്താണെന്ന് ട്രംപ് കൃത്യമായി വ്യക്തമാക്കിയില്ല.’അവർ ചെയ്തത് ശരിക്കും അത്ഭുതകരമായിരുന്നു. അവർ ഞങ്ങൾക്ക് ഒരു സമ്മാനം തന്നു.

വലിയൊരു തുക വിലമതിക്കുന്ന വളരെ വലിയ സമ്മാനമായിരുന്നു അത്. ആ സമ്മാനം എന്താണെന്ന് ഞാൻ നിങ്ങളോട് ഇപ്പോൾ പറയുന്നില്ല. പക്ഷേ അത് വളരെ പ്രധാനപ്പെട്ട ഒരു സമ്മാനമായിരുന്നു’- ട്രംപ് വ്യക്തമാക്കി.അതേസമയം, യുദ്ധത്തിൽ അമേരിക്കയ്ക്ക് ഭീഷണിയായത് ഇറാന്റെ കെെയിലുള്ള റഷ്യൻ എസ് 400 വ്യോമ പ്രതിരോധ സംവിധാനമാണ്. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇറാന് നൽകിയ അന്ത്യശാസനത്തിന് പൊടുന്നനെ അഞ്ചുദിവസത്തെ ഇടവേള ട്രംപ് പ്രഖ്യാപിച്ചത് ഇതുമൂലമെന്നാണ് സൂചന.

അമേരിക്കയുടെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ അടങ്ങിയതാണ് എസ് 400.യുഎസ് വ്യോമസേനയുടെ അഭിമാനമായ എഫ് 35 സ്റ്റെൽത്ത് വിമാനം തകരാറുപറ്റി ഗൾഫിലെ വ്യോമത്താവളത്തിൽ അടിയന്തരമായി ഇറക്കേണ്ടിവന്നതും എഫ് 15 വിമാനം നഷ്‌ടമായെന്ന വാർത്തകളും എസ് 400ന്റെ പ്രതിരോധം കാരണമെന്നാണ് സൂചന. ഇറാന് ശക്തമായി തിരിച്ചടിക്കാൻ റഷ്യൻ സഹായമുണ്ടെന്ന റിപ്പോർട്ടുകളെ ശരിവയ്ക്കുന്നതാണിത്. യുദ്ധം മുറുകിയപ്പോൾതന്നെ ഇറാനെ സഹായിക്കാൻ റഷ്യ എസ് 400 യൂണിറ്റുകൾ എത്തിച്ചെന്നാണ് വിവരം. റഷ്യൻ സൈനികരാണ് ഓപ്പറേറ്റ് ചെയ്യുന്നത്.