എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി എത്തിയിട്ട് ഒരു വര്‍ഷം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യം കൊണ്ട് മാറിനിന്ന ഒഴിവിലേക്ക് എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി എത്തിയിട്ട് ഓഗസ്റ്റ് 28 ന് ഒരു വര്‍ഷം തികയുകയാണ്. പ്രതീക്ഷകളുടെ അമിത ഭാരവുമായാണ് പാര്‍ട്ടി ക്ലാസുകളിലെ ദാര്‍ശനിക മുഖവും തിരുത്തല്‍വാദിയുമായ എം വി ഗോവിന്ദന്‍ സെക്രട്ടറി പദവിയിലെത്തിയതെങ്കിലും തിരുത്തല്‍ നടപടികള്‍ താഴെത്തട്ടില്‍ ഒതുങ്ങി. പാര്‍ട്ടിയെന്നാല്‍ പിണറായിയുടെ ചൊല്‍പ്പിടിക്കെന്ന പേരുദോഷവും ബാക്കി.
പാര്‍ട്ടി ക്ലാസുകളില്‍ നിന്ന് നേരെ പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് എത്തിയ പ്രതീതിയിലായിരുന്നു എം വി ഗോവിന്ദന്റെ സ്ഥാനാരോഹണം. ജനകീയ മുഖമായ കോടിയേരി ഇരുന്ന കസേരയിലേക്ക് പ്രതീക്ഷയുടെ അമിതഭാരവുമായാണ് എം വി ഗോവിന്ദന്‍ എത്തിയത്.
നയവ്യതിയാനങ്ങളും വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തന ശൈലിയും അടക്കം പലവിധ പ്രതിസന്ധികളില്‍ പെട്ടുഴലുന്ന പാര്‍ട്ടിയെ സംഘടനാ ചിട്ടകളിലേക്ക് തിരിച്ചെത്തിക്കാന്‍ ഗോവിന്ദന് കഴിയുമെന്ന വിശ്വാസമായിരുന്നു അതില്‍ പ്രധാനം. സെക്രട്ടറി പദവിയിലിരുന്ന് സരസമായി സംവദിച്ചിരുന്ന കോടിയേരി ശൈലിയും ദാര്‍ശനികതയില്‍ നിന്ന് ഇറങ്ങിവരാന്‍ കൂട്ടാക്കാത്ത എം വി ഗോവിന്ദന്റെ രീതിയും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാക്ക് മുതല്‍ ശൈലി വരെ അളന്ന് തൂക്കി വിലയിരുത്തുകയാണ് രാഷ്ട്രീയ കേരളം.
എല്ലാക്കാലത്തും പാര്‍ട്ടി ആശ്രയിച്ചിരുന്ന ക്രൈസിസ് മാനേജര്‍, നയവ്യതിയാനങ്ങളോട് വിട്ടുവീഴ്ചക്കില്ലെന്ന മനോഭാവം. തിരുത്തല്‍ രേഖ നടപ്പാക്കാന്‍ വാശിപിടിച്ച എം വി ഗോവിന്ദന്‍, പ്രാദേശിക അപ്രമ്ദിത്വങ്ങളെ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ നിലക്ക് നിറുത്തിയിരുന്നു. എന്നാല്‍, ആ ആര്‍ജ്ജവം പക്ഷെ പാര്‍ട്ടി മേല്‍ത്തട്ടിലേക്ക് എത്തിയില്ല. കോടിയേരിക്ക് പകരം ആരുമാകാമായിരുന്ന കണ്ണൂര്‍ നേതൃനിരയില്‍ നിന്ന് തന്നെയാണ് എം വി ഗോവിന്ദന് ഉള്‍പ്പാര്‍ട്ടി പോര് അധികവും.
നേതൃമാറ്റം തീരെ ദഹിക്കാതിരുന്ന ഇ പി ജയരാജന്‍ നിരന്തരം അലോസരമുണ്ടാക്കി. പ്രതിച്ഛായ നിര്‍മ്മിതി കണക്കാക്കി സംഘടിപ്പിച്ച ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പോലും ഇ പി ഗോവിന്ദന്‍ വാക്‌പോരില്‍ മുങ്ങി. ഇപി ഉള്‍പ്പെട്ട റിസോര്‍ട്ട് വിവാദത്തില്‍ അടക്കം പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറി ഉണ്ടായി. റോഡിലെ ക്യാമറ മുതല്‍ ഇങ്ങ് കരിമണല്‍ മാസപ്പടി വരെ പാര്‍ട്ടിയും സര്‍ക്കാരും ചെന്ന് പെട്ട വിവാദങ്ങള്‍, മോണ്‍സണ്‍ കേസ് മുതല്‍ മിത്ത് വിവാദത്തില്‍ വരെ പറയാതെ പറഞ്ഞും, പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തുകയും ചെയ്തു പാര്‍ട്ടി സെക്രട്ടറി.
എല്ലാറ്റിനുമൊടുവില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കളത്തിലാണ് പാര്‍ട്ടിയിപ്പോള്‍. നിര്‍ണ്ണായക നയസമീപനങ്ങളില്‍ പോലും വേണ്ടത്ര കൂടിയാലോചനകളില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കത്തും മുന്നണി നേതൃത്വത്തിനുമുണ്ട്. സര്‍ക്കാരിനെ ആവശ്യത്തിന് നിയന്ത്രിച്ചും അത്യാവശ്യ ഘട്ടത്തില്‍ തിരുത്തിയും മുന്നോട്ട് പോകാന്‍ എം വി ഗേവിന്ദന് കഴിയുമെന്ന് തീര്‍ത്ത് പ്രതീക്ഷിച്ചവര്‍ക്കുമുണ്ട് തെല്ല് നിരാശ. പിണറായിക്ക് നിഴലെന്ന പ്രതിച്ഛായയില്‍ നിന്ന് പാര്‍ട്ടിയെ പുറത്തെടുക്കാന്‍ ഒരു വര്‍ഷത്തിനിടെ എം വി ഗോവിന്ദന് ഒന്നും ചെയ്യാനായിട്ടില്ല.