ജയിലില്‍ കിടക്കുന്നത് പാവങ്ങളല്ലേ, പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയി, കൂലി കൂട്ടിയത് കുടുംബത്തെ രക്ഷിക്കാന്‍: ഇ പി ജയരാജന്‍

കണ്ണൂര്‍ : ജയില്‍ അന്തേവാസികള്‍ക്ക് ദിവസക്കൂലി കൂട്ടിക്കൊടുത്തത് അവരുടെ കുടുംബങ്ങളെ രക്ഷിക്കാനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ അനാവശ്യമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആശാവര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കൂലി കൂട്ടി കൊടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അവര്‍ പാവങ്ങളല്ലേ. പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായി പോയി. ആ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നു. അവരുടെ വേതനം വര്‍ധിപ്പിക്കുന്നതിന് എന്തിനാണ് എതിര്‍ക്കുന്നത്. അതിനെ എതിര്‍ക്കുന്നത് തികച്ചും തെറ്റായ നിലപാടാണ്. തൊഴിലുറപ്പ് മേഖലയില്‍ പ്രതിദിന വേതനം 369 രൂപയാണ്. അത് വര്‍ധിപ്പിക്കാത്തത് കേന്ദ്രസര്‍ക്കാരാണ്. നിങ്ങള്‍ അത് കേന്ദ്രസര്‍ക്കാരിനോടല്ലേ പറയേണ്ടത്. വര്‍ധിപ്പിക്കുമ്പോള്‍ മിനിമം വേതനം കൊടുക്കണം. അത് കേന്ദ്രസര്‍ക്കാരിനോട് പറയാതെ, ഇവിടെ ഈ ജയിലില്‍ കിടക്കുന്നവരുടെ ചില്ലറ പൈസ വര്‍ധിപ്പിച്ച് കൊടുത്തപ്പോള്‍ ജയിലില്‍ അത്യാവശ്യമായി എന്തെങ്കിലും സോപ്പോ മറ്റോ വാങ്ങുന്നത് ഈ കൂലി കൊണ്ടാണ്. അത് കാലോചിതമായി പരിഷ്‌കരിക്കുന്നതാണ്. ആ നടപടിയെ എന്തിനാണ് വിമര്‍ശിക്കുന്നത്. എന്തുകാര്യത്തിനാണ്. ഇത്തരം വിമര്‍ശനം വന്നാല്‍ ഒരു സര്‍ക്കാര്‍ എന്താണ് ചെയ്യുക. അതിനകത്ത് ഇടപെടുകയല്ലേ ചെയ്യുക. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. കുറഞ്ഞ വേതനം വര്‍ധിപ്പിക്കാനല്ലേ പറയേണ്ടത്.’ – ഇ പി ജയരാജന്‍ പറഞ്ഞു. തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ നടത്തിയ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം