ഗൗഡയെപുറത്താക്കാന്‍ കേരളത്തിലെജെഡി.എസ് മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായി ബന്ധപ്പെട്ടു

തിരുവനന്തപുരം: കര്‍ണാടകയിലെ ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിന് പിന്നാലെ വെട്ടിലായ ജെ.ഡി.എസ് സംസ്ഥാന ഘടകം പ്രശ്‌നപരിഹാരത്തിനായി ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി. മറ്റ് സംസ്ഥാന ഘടകങ്ങളിലെ ബി.ജെ.പി വിരുദ്ധ നേതാക്കളെ ഒപ്പം കൂട്ടി കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ് ജെ.ഡി.എസ് കേരള ഘടകം ശ്രമിക്കുന്നത്.
നീലലോഹിതദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍, സി.കെ നാണു എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ആശയവിനിമയം നടക്കുന്നത്. ബി.ജെ.പി വിരുദ്ധ പാര്‍ട്ടി രൂപീകരിക്കുകയോ ദേവഗൗഡയെയും മകനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി തങ്ങളാണ് യഥാര്‍ത്ഥ ജെ.ഡി.എസ് എന്ന പ്രഖ്യാപനം നടത്തുകയോ വേണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നായിരുന്നു പാര്‍ട്ടി പ്ലീനമെടുത്ത നിലപാട്.കര്‍ണാടകയിലെ ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെയും അനുമതിയുണ്ടെന്ന വിവാദവെളിപ്പെടുത്തല്‍ ദേവഗൗഡ നടത്തിയത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ഗൗഡ വെളിപ്പെടുത്തല്‍ പിന്‍വലിച്ചെങ്കിലും അതുണ്ടാക്കിയ പേരുദോഷം മാറ്റാനാണ് ദേശീയതലത്തില്‍ത്തന്നെ നീക്കം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയ്ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയും ജെ.ഡി.എസ് കേരളഘടകത്തിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഗൗഡ വിവാദ വെളിപ്പെടുത്തല്‍ പിന്‍വലിച്ചതോടെ സി.പി.എമ്മിനും താല്‍ക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ഇന്നലെയും ജെ.ഡി.എസിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ബി.ജെ.പി -സി.പി.എം അന്തര്‍ധാരയെന്ന ആരോപണത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല.