വി എസിന്റെ വിയോഗം ; കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു; ജോയ് മാത്യുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചുവെന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നുവെന്നുമായിരുന്നു നടൻ കുറിച്ചത്. ഇതിന് പിന്നാലെ ജോയ് മാത്യുവിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ജോയ് മാത്യു. അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതിൽ മനം നൊന്തും അമർഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെ കണ്ടു.
എന്നാൽ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല.- എന്നാണ് ജോയ് മാത്യു പുതിയ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കുമെങ്കിൽ മുൻപിട്ട പോസ്റ്റ് താൻ പിൻവിക്കുമെന്നും ജോയ് മാത്യു പറഞ്ഞു.
വിഎസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജോയ് മാത്യു ഇന്നലെ അനുശോചനം രേഖപ്പെടുത്തിയത്. “കമ്മ്യൂണിസത്തിന്റെ അവസാന മാതൃകയും അവസാനിച്ചു.പോരാട്ടങ്ങളുടെ – ചെറുത്ത് നില്പുകളുടെ – നീതിബോധത്തിന്റെ -ജനകീയതയുടെ ആൾരൂപം അതായിരുന്നു വി എസ്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായികളുടെ കാലത്ത് ഇനിയൊരു വി എസ് ഇല്ല എന്നത് ഓരോ കേരളീയനെയും സങ്കടപ്പെടുത്തുന്നു. ജനനേതാവേ വിട”- എന്നായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്.
ഇതിന് പിന്നാലെയാണ് വിമർശനവുമായി ആളുകളെത്തിയത്. “AKG യും E MS ഉും, നയനാറും മരിച്ചപ്പോഴും നിങ്ങളേ പോലുള്ളവർ ഇത് തന്നെയാണ് പറഞ്ഞത്”, “എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും മരിക്കുമ്പോഴും ഈ ഒറ്റ ഡയലോഗ് മാത്രം എഴുതാൻ പേന ചലിപ്പിക്കുന്ന, കുറെ ഊള വലതുപക്ഷക്കാരുണ്ട്, കേരളത്തിൽ”…- എന്നൊക്കെയാണ് ജോയ് മാത്യുവിന്റെ കമന്റ് ബോക്സിൽ നിറഞ്ഞ കമന്റുകൾ.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതിൽ മനം നൊന്തും അമർഷിച്ചും വെകിളിച്ചും നിലവിളിക്കുന്ന ഒരുപാട് പേരെ കണ്ടു. എന്നാൽ വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല.
പ്രിയ വായനക്കാരാ നിങ്ങളുടെ മനസ്സിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ‘ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരൻ ‘എന്ന് പറയാവുന്ന ഒരാളെയെങ്കിലും – എന്തിനു ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ? അങ്ങിനെയെങ്കിൽ ഞാൻ എന്റെ മുൻ പോസ്റ്റ് ഫ്രീയായി പിൻവലിക്കുന്നതാണ്.