രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തിൽ തെറ്റില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു

കേരളത്തിൽ യുഡിഎഫ് തരംഗം പ്രകടമാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ നൂറിനടുത്ത് സീറ്റുകൾ നേടി മുന്നണി അധികാരത്തിലെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിലും സിപിഎം-ബിജെപി കൂട്ടുകെട്ടിനെതിരെയുമുള്ള രൂക്ഷവിമർശനങ്ങളുമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ അഭിപ്രായത്തിൽ തെറ്റില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും അവിടെ ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “സിപിഎമ്മിൽ പിണറായി വിജയൻ മാറണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ സ്ഥിതി എന്താകുമായിരുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ സംബന്ധിച്ച കാര്യങ്ങൾ പാർട്ടി ഹൈക്കമാൻഡും എംഎൽഎമാരും ചേർന്ന് കൃത്യസമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ സിപിഎം-ബിജെപി ഡീൽ കൊണ്ട് കഴിയില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ചിറ്റൂരിലെ ബിജെപി സ്ഥാനാർത്ഥി എൽഡിഎഫിന് വോട്ട് ചോദിച്ചത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. പണമെറിഞ്ഞും കിറ്റുകൾ വിതരണം ചെയ്തും വോട്ട് പിടിക്കാനാണ് ഇരു പാർട്ടികളും ശ്രമിച്ചത്. എന്നാൽ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും സിപിഎമ്മിന്റെ സാധാരണ പ്രവർത്തകർ ആർക്ക് വോട്ട് ചെയ്തു എന്ന് പെട്ടി തുറക്കുമ്പോൾ അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
ഇത്തവണ വോട്ടർമാരിൽ നിന്ന് പ്രതീക്ഷിക്കാത്ത ആവേശമാണ് ഉണ്ടായത്. പതിവ് രീതികൾ വിട്ട് ജനങ്ങൾ വോട്ട് ചെയ്യാൻ കാണിച്ച താൽപ്പര്യം യുഡിഎഫിന് ഗുണം ചെയ്യും. വയനാട് വിഷയം ഉയർത്തിപ്പിടിച്ച സിപിഎം സ്വയം അപഹാസ്യരാകുകയാണ് ചെയ്തത്. സ്വന്തം അഴിമതികൾ മറച്ചുവെക്കാനാണ് അവർ വയനാടിനെ ഉപയോഗിച്ചത്. പിണറായി വിജയന്റെ അമിത പ്രചാരണവും ഹോർഡിംഗുകളും ജനങ്ങളിൽ വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും ഇത് കോൺഗ്രസിന് അനുകൂലമായെന്നും അദ്ദേഹം നിരീക്ഷിച്ചു.