ഉടുമ്പന്‍ചോലയില്‍ എം.എം മണിക്ക് പകരം കെ.കെ ജയചന്ദ്രന്‍

മുന്‍ മന്ത്രിമാരായ എം.എം മണിയെയും എ.സി മൊയ്തീനെയും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എം.എം മണിക്ക് പകരം കെ.കെ ജയചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി വിവരം. സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് ഔദ്യോഗികമായി അംഗീകരിക്കും.
എം.എം മണിയുടെ പേരടക്കം ഉള്‍പ്പെടുത്തി ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അത് തിരുത്തിയാണ് കെ.കെ ജയചന്ദ്രനെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് മണിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന.
ഉടുമ്പന്‍ചോല വിജയസാധ്യതയുള്ള മണ്ഡലമാണെന്നും ഇവിടെ പുതുമുഖ സ്ഥാനാര്‍ഥിയെ ഇറക്കുന്നതാണ് ഉചിതമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതേസമയം, കുന്നംകുളം മണ്ഡലത്തില്‍ എ.സി മൊയ്തീന് പകരം ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.