‘ഞാൻ ഭയന്നോടുന്നവൻ അല്ല, എന്തിനാണ് അവിടേക്ക് 500 കട്ടിൽ? കിടന്നുറങ്ങാനാണോ എല്ലാവരും പോയത്? : കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമലയിൽ നടത്തിയ അയ്യപ്പ സംഗമം ധൂർത്തെന്ന് കെ മുരളീധരൻ. സംസ്ഥാന സർക്കാരിനെതിരെ മുരളീധരൻ ആഞ്ഞടിച്ചു. മന്ത്രി വാസവന് കച്ചേരി എന്താ ഗാന മേള എന്താ എന്ന് അറിയില്ലെന്നും മുരളീധരൻ പരിഹസിച്ചു. ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേ ബാക്കിയുള്ളൂ. വിഗ്രഹം ഉണ്ടാക്കിയത് സ്വർണം കൊണ്ട് അല്ലാത്തതിനാലാണ് അതൊഴികെ ബാക്കിയെല്ലാം എടുത്തു കൊണ്ട് പോയത്. സംഗമത്തിന് 500 കട്ടിൽ എന്ന് കണക്ക് കണ്ടു. എന്തിനാണ് അയ്യപ്പ സംഗമത്തിന് ഇത്രയും കട്ടിൽ? കിടന്നുറങ്ങാനാണോ എല്ലാവരും അവിടേക്ക് പോയതെന്നും കെ മുരളീധരൻ ചോദിച്ചു.

വി എൻ വാസവൻ രാജി വക്കണമെന്നും കെ മുരളീധരൻ. അതിൽക്കുറഞ്ഞ ഒരു ഒത്തുതീർപ്പിനും ഞങ്ങൾ ഒരുക്കമല്ല. നിയമസഭയിൽ തെറ്റായ കണക്ക് കൊടുത്തതിന് വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് കൊടുക്കാൻ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. 4000 പേർ പങ്കെടുത്തുവെന്നാണ് പറയുന്നത്. എന്നാൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്ന കണക്ക് എങ്ങനെയാണ് ശരിയാകുകയെന്നും കെ മുരളീധരൻ ചോദിച്ചു. വെറും കൊള്ളയാണ് ഇവിടെ നടന്നത്. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാഗം നമസ്ക്കരിക്കും. കെ മുരളീധരൻ ഭയന്നോടുന്നവൻ അല്ല. മത്സരിക്കുന്നതിൽ അന്തിമ തീരുമാനം പാർട്ടി എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേ സമയം, വട്ടിയൂർകാവ് സീറ്റിലെ മത്സരം ഉറപ്പിച്ച് കെ മുരളീധരന്‍. കോണ്‍ഗ്രസ് നേതൃത്വത്തെ നിലപാട് അറിയിച്ചു. മുരളിയുടെ പേര് ഉയർന്നത് നിരവധി മണ്ഡലങ്ങളിലാണ്. ഒടുവിൽ സീറ്റിൽ തീരുമാനം ആയി. കെ മുരളീധരൻ വട്ടിയൂർകാവിൽ തന്നെ ഇറങ്ങും. പഴയ തട്ടകത്തിലേക്ക് പോരിന് മുരളി തീരുമാനമെടുത്തു. ഇതോടെ വട്ടിയൂര്‍ക്കാവില്‍ ശക്തമായി ത്രികോണ മത്സരം ഉറപ്പായി.