മുഖ്യമന്ത്രി പിണറായി വിജയന്റ ഓഫീസിനെതിരായ ഐ ജി ലക്ഷ്മണിന്റെ ആരോപണത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണ്ടക ശനി തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് ഐ ജി ലക്ഷ്മണിന്റെ വെളിപ്പെടുത്തലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ പ്രതികളാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും രക്ഷപ്പെടുന്നതിന്റെ തിരിച്ചടിയുടെ സൂചനയാണിത്.

ശിവശങ്കര്‍ രണ്ടുമാസം കൂടി ജയിലില്‍ കിടന്നാല്‍ ഇതിലപ്പുറവും പുറത്തുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഐ ജി ഗുരുതര ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക തര്‍ക്കങ്ങളിലും ഇടപാടുകളിലും ഇടനിലക്കാരനായി നില്‍ക്കുന്ന ഒരു അധികാര കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ഒരു അധികാര കേന്ദ്രം ആ ഓഫിസിലുണ്ട് എന്ന കാര്യത്തില്‍ ഇപ്പോള്‍ യാതൊരു സംശയവുമില്ല. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ സെക്രട്ടറി ആ സ്ഥാനത്തിരുന്ന് പലതും ചെയ്തു. അതൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ?. ഞാന്‍ മുന്‍പു ചോദിച്ച ചോദ്യമാണിത്. ഇപ്പോള്‍ ആ അധികാര കേന്ദ്രത്തെക്കുറിച്ച് ഒരു ഐജി കോടതിയില്‍ത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അധികം വൈകാതെ ശിവശങ്കറും പലതും പുറത്തുപറയും. അപ്പോഴാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പല വിശദാംശങ്ങളും പുറത്തുവരാന്‍ പോകുന്നത്. എന്തായാലും ആദ്യ വെടി പൊട്ടിക്കഴിഞ്ഞു. ഇനി വെടികള്‍ പലതും പൊട്ടാനിരിക്കുന്നു.’ കെ മുരളീധരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *