കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ തുടർച്ചയായി വരുന്നതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നു കെ.മുരളീധരൻ എംപി. നരേന്ദ്ര മോദി കേരളത്തിൽ സ്ഥിര താമസമാക്കിയാലും ഒരാളെപോലും കേരളത്തിൽനിന്നു ലഭിക്കില്ല. പ്രധാനമന്ത്രി ടാറ്റ കാണിച്ചു പോകും. ജനങ്ങൾ തിരിച്ച് അദ്ദേഹത്തിന് ടാറ്റയും വോട്ട് ഞങ്ങൾക്കും നൽകുമെന്നു മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ രണ്ടാമത്തെ കേരള സന്ദർശനം, തൃശൂർ ലൂർദ് പള്ളിയിലെ മാതാവിന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി സ്വർണ്ണ കിരീടം നൽകിയ സംഭവം എന്നിവയോട് പ്രതികരിക്കുകയായിരുന്നു കെ.മുരളീധരൻ
കെ.മുരളീധരന്റെ വാക്കുകൾ
നരേന്ദ്ര മോദി കേരളത്തിൽ സ്ഥിരതാമസമാക്കിയാലും ഒരാളെപ്പോലും കേരളത്തിൽനിന്നു ലഭിക്കാൻ പോകുന്നില്ല.പ്രധാനമന്ത്രി ടാറ്റ കാണിച്ചു പോകും. ടാറ്റ ജനങ്ങൾ തിരിച്ച് അദ്ദേഹത്തിന് നൽകും, വോട്ട് ഞങ്ങൾക്കും നൽകും. അയോധ്യ വിഷയം അവർ വോട്ടു കിട്ടാനുള്ള തന്ത്രമായിട്ടാണു സ്വീകരിച്ചത്. അതേ തന്ത്രത്തിന്റെ ചില ഭാഗങ്ങൾ കേരളത്തിലും കാണാം. പക്ഷേ അതൊന്നും കേരളത്തിൽ ചെലവാകില്ല. ഒരുപാട് ക്രിസ്ത്യൻ ആരാധനാലയങ്ങൾ മണിപ്പുരിൽ തകർക്കുമ്പോൾ ഒരു കിരീടം കൊടുത്താലൊന്നും അവരുടെ മനസ്സുമാറുമെന്ന് തെറ്റിദ്ധരിക്കരുത്. ആർക്കും എവിടെയും ചെല്ലാം. ഏത് ആരാധനാലയങ്ങളിലാണോ വിശ്വാസം അവിടെ ചെല്ലാം, പ്രാർഥിക്കാം. പക്ഷേ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വിനിയോഗിക്കരുത്.
കിരീടം കൊടുക്കുന്നതിൽ തെറ്റുകാണുന്നില്ല. പക്ഷേ അതിനിത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല. ഞാൻ അമ്പലത്തിൽ പോയി ആരാധന നടത്തുമ്പോൾ നിങ്ങളെയൊക്കെ വിളിച്ചിട്ടാണോ പോവുന്നത്. അല്ലല്ലോ. എന്റെ വിശ്വാസം അനുസരിച്ചു പോവുന്നു. പ്രാർഥിക്കുന്നു. കഴിയുന്ന രീതിയിൽ വഴിപാട് കൊടുക്കുന്നു. അതെന്റെ വിശ്വാസം. ലോകത്തിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഞാൻ വിശ്വാസിയാണെന്ന കാര്യം ഞാൻ മാത്രം അറിഞ്ഞാൽ മതി. അതിനെനിക്ക് ആരുടെയും സർട്ടിഫിക്കറ്റും വേണ്ട. അതെല്ലാവർക്കും ബാധകമാണ്. ആർക്കും എവിടെയും സന്ദർശിക്കാം. തെറ്റില്ല. പക്ഷേ വോട്ടുമായി ലിങ്ക് ചെയ്യാൻ പാടില്ല.