കോഴിക്കോട്: കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരന്‍. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപി ക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ അവരെ എല്‍ഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാല്‍ ഈ മാനദണ്ഡത്തില്‍ കൃഷ്ണന്‍ കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തയ്യാറായില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയില്‍ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തെലങ്കാനയിലെ കോണ്‍ഗ്രസ് സ്‌ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ മുരളീധരന്‍.
അതേസമയം കര്‍ണാടകത്തില്‍ ജെഡിഎസ് എന്‍ഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചിരുന്നെന്ന് എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തി. അതിനാലാണ് കേരളത്തില്‍ ഇപ്പോഴും ഇടത് സര്‍ക്കാരില്‍ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ പറഞ്ഞു. അതിനാല്‍ ആ സഖ്യത്തിന് അദ്ദേഹം പൂര്‍ണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ കൂട്ടിചേര്‍ത്തു. ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും കേരള സംസ്ഥാന ഘടകം എന്‍ഡിഎയില്‍ ചേരുന്നതിന് സമ്മതം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.