തിരുവനന്തപുരം: ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്കി.
അനുകൂല ഉത്തരവ് സുപ്രീംകോടതിയില്‍നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍ ഹൈക്കോടതിവിധി പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കണമെന്നു കെ.സുധാകരന് കത്തില്‍ ആവശ്യപ്പെട്ടു.
ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എ.രാജയ്ക്ക് പത്തുദിവസം സമയപരിധി അനുവദിച്ചിരുന്നു.
എന്നാല്‍ അനുകൂലവിധിയില്ലാത്ത സാഹചര്യത്തിലാണ് കെ സുധാകരന്റെ നീക്കം.
പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാന്‍ രാജയ്ക്കു യോഗ്യതയില്ലെന്നു കാട്ടി എ.രാജയുടെ തിരഞ്ഞെടുപ്പു വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയര് സമുദായാംഗമല്ലെന്നും നാമനിര്‍ദേശ പത്രിക നല്കുമ്പോള് ക്രിസ്തുമതത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാജയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയത്. വിജയം റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച കോടതി സുപ്രീം കോടതിയെ സമീപിക്കാന്‍ പത്തു ദിവസം സമയം നല്‍കിയിരുന്നു.