കെ സുധാകരൻ കോൺഗ്രസിൽ നിന്ന് പുറത്തേക്ക്; പുതിയ പാർട്ടി പ്രഖ്യാപനം ഉടൻ?

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്നലെ സുധാകരനുമായി അടുപ്പമുള്ളവർ അദ്ദേഹത്തിന്റെ വസതിയിൽ പ്രത്യേക യോഗം ചേർന്നിരുന്നു.

പലപ്പോഴായി കോൺഗ്രസ് പുറത്താക്കിയവരും പുറത്തുപാേയവരുമായിരുന്നു ഇതിൽ ഏറെയും. ഈ യോഗത്തിലാണ് സ്വന്തമായി പാർട്ടി രൂപീകരിച്ച് ശക്തി കാണിക്കണം എന്ന ആവശ്യമുയർന്നത്. എന്നാൽ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും കെ സുധാകരനോ അദ്ദേഹവുമായി അടുപ്പമുള്ളവരോ ഇതുവരെ നൽകിയിട്ടില്ല. വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല.

പിണറായി ഭരണം അവസാനിപ്പിക്കണമെന്ന തരത്തിൽ ഇന്നലെ സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് ഇന്നുരാവിലെ പതിനൊന്നുമണിയോടെ വോട്ട് ചെയ്യാനെത്തും എന്ന തരത്തിൽ യുഡിഎഫ് ഗ്രൂപ്പുകളിൽ മെസേജും ഇട്ടിരുന്നു. എന്നാൽ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. ഇത്തവണ കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സുധാകരൻ നേരത്തേ പരസ്യമായി പറഞ്ഞിരുന്നു. സീറ്റിനുവേണ്ടി ശക്തമായ സമ്മർദവും അദ്ദേഹം നടത്തിയിരുന്നു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഏറെ നീണ്ടുപോയതിന് കാരണവും ഇതായിരുന്നു.

എന്നാൽ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട എന്ന നിലപാടിൽ മാറ്റംവരുത്താൻ ഹൈക്കമാൻഡ് തയ്യാറായില്ല. ഇതോടെ സുധാകരൻ അയയുകയായിരുന്നു.കണ്ണൂർ സീറ്റ് ലഭിക്കാത്തതിനാൽ സുധാകരൻ പാർട്ടിവിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയോ ബിജെപിയിലേക്ക് ചേക്കേറുകയോ ചെയ്യുമെന്ന് ചില അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഷാഫി പറമ്പിലിന്റെ ഇടപെടലൽ മൂലമാണ് സുധാകരന് സീറ്റ് ലഭിക്കാത്തതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.

ഷാഫി കോൺഗ്രസിനെ മൊത്തത്തിൽ ഹൈജാക്കുചെയ്തിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു. ഇതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത് എന്നാണ് കേൾക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ പറഞ്ഞിരുന്നു. തന്നെ ഒതുക്കിയ ഷാഫിക്കും വിഡി സതീശനും എതിരെയുള്ള പ്രതികരണമെന്ന നിലയിലാണ് സുധാകര അനുകൂലികൾ ഇതിനെ വ്യാഖ്യാനിച്ചത്.