കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ. തുടങ്ങിവച്ച പല കാര്യങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏറ്റെടുത്തതെല്ലാം വിജയകരമായി തന്നെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. സിപിഎമ്മിനെതിരെ ഒരു പടക്കുതിരയായി താൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം.

സിയുസി (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ) പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അത് ഞാൻ സണ്ണിയെ ഏൽപ്പിക്കുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സാധിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്‌നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകും.ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ടച്ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. മല്ലികാർജുൻ ഖാർഗെയോടും രാഹുൽ ഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിൽ നിയോഗിച്ചതിന് നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്‌ട്രീയ നേട്ടത്തിൽ അഭിമാനമുണ്ട്. അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്റെ കുടുംബത്തിന് കെപിസിസി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും’,

കെ സുധാകരൻ പറഞ്ഞു.എകെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ് സണ്ണി ജോസഫും നിയുക്ത ഭാരവാഹികളും സ്ഥാനമേറ്റെടുക്കാൻ എത്തിയത്. പുതിയ സംഘത്തിൽ സമ്പൂർണ വിശ്വാസമുണ്ടെന്ന് എകെ ആന്റണി പ്രതികരിച്ചു. യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാ ജനങ്ങളെയും കൂട്ടിയോജിപ്പിക്കാനാകും. തീരദേശ മലയോര ജനങ്ങളെയാണ് തനിക്ക് ഏറെ ഇഷ്‌ടം. മലയോര കർഷകർക്ക് ആശ്വാസം നൽകാൻ ഈ ടീമിന് സാധിക്കും. മലയോര കർഷകന്റെ പുത്രൻ കെപിസിസി അദ്ധ്യക്ഷനായിരിക്കുന്നു. ഉളിക്കൽ ഗ്രാമത്തിൽ നിന്ന് പടിപടിയായി വളർന്ന് സണ്ണി ജോസഫ് ഇന്ന് കോൺഗ്രസ് നേതൃനിരയിലെത്തിയെന്നും എകെ ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *