തിരുവനന്തപുരം: സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെങ്കില്‍ ആ പരിപ്പ് തൃശൂരില്‍ വേവില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വെറും നനഞ്ഞ പടക്കമായെന്നും കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരണ്ടി മാത്രമാണ് ലഭിച്ചതെന്ന് കെ സുധാകരന് കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസ് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്ക് അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി കൊള്ളക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സുധാകരന് ചോദിച്ചു.
സ്വര്‍ണക്കള്ളക്കടത്ത് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്പീഡില്‍ തിരിച്ചുപോയി. മാത്രമല്ല, ബിജെപിയുടെ വോട്ട് മറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കി’ സുധാകരന് പറഞ്ഞു.കേരള മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനില്‍ക്കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വര്‍ണക്കടത്ത് കേസ് നിര്ജീവമാക്കിയതിനൊപ്പം ലാവ്ലിന് കേസ് 28 തവണ മാറ്റിവച്ചതും കൂട്ടിവായിക്കേണ്ടതുണ്ട്.
പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണി പോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കേണ്ടത്. നവകേരള യാത്രയില്‍ മോദിക്കെതിരെ ഒരു വാക്ക് പോലും പിണറായി മിണ്ടിയിട്ടില്ല. ഒരു കീറത്തുണി പോലും ഉയര്‍ത്തി ബിജെപി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിനീളെ ആക്രമിക്കപ്പെടുമ്പോള്‍ കണ്ട് നിന്ന് രസിച്ചവരാണ് ബിജെപിക്കാര്‍. ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴല്‍പ്പണക്കേസും ഒത്തുതീര്‍ന്നു’- സുധാകരന് വ്യക്തമാക്കി.