ഗുജ്‌റാത്ത് മോഡല്‍ നടപ്പിലാക്കുമ്പോള്‍ കേരളത്തില്‍ അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഇ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയത് ഗുജ്‌റാത്ത് മോഡലാണ് ശരിയെന്ന് തെളിഞ്ഞതു കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗുജ്‌റാത്ത് മോഡല്‍ നടപ്പിലാക്കുന്നതിനൊപ്പം അഴിമതി ധൂര്‍ത്തും നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഗുണമുണ്ടാവുകയുള്ളൂവെന്നും അദേഹം പറഞ്ഞു.
മൂന്ന് ദിവസം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐ എ എസും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ ഗുജറാത്തിലെത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ട കേരള മോഡല്‍ ഉപേക്ഷിച്ച് വിജയിച്ച ഗുജ്‌റാത്ത് സംസ്ഥാനത്ത് നടപ്പാക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലെ കാര്യക്ഷമതയും സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോര്‍ഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസിലാക്കി കേരളത്തിലും നടപ്പിലാക്കണം. അന്ധമായ രാഷ്ര്ടീയ വിരോധം മാറ്റിവെച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ ഇവിടെ എങ്ങനെ നടപ്പാക്കാമെന്ന് പിണറായി വിജയന്‍ പഠിക്കണം. ഗുജ്‌റാത്തിലെ വികസന നേട്ടങ്ങള്‍ കേരളവും മാതൃകയാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടപ്പോള്‍ പരിഹസിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഒടുവില്‍ ഗുജ്‌റാത്ത് മോഡല്‍ അംഗീകരിക്കേണ്ടി വന്നതിനെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ ക്ഷേമകാര്യത്തിലും നാടിന്റെ വികസനത്തിലും രാഷ്ര്ടീയം കാണേണ്ടതില്ലെന്നതാണ് ബിജെപിയുടെ നിലപാട്. കേരളം ആവശ്യപ്പെട്ടാല്‍ എന്ത് സഹായത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ധനനികുതി കുറയ്ക്കാന്‍ കേരളം തയ്യാറാകണം
സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കാന്‍ തയ്യാറാവണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കാന്‍ കേരളം തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ജനങ്ങളോട് ഉള്ള അനീതിയാണെന്ന് പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഈ ആനുകൂല്യം ജനങ്ങളിലെത്തിക്കാനുള്ള കേന്ദ്ര നിര്‍ദേശം അനുസരിച്ച് ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാതെ അധിക വരുമാനം ഉണ്ടാക്കിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിണറായി സര്‍ക്കാരിന്റെ ജനദ്രോഹം തുറന്ന് കാണിക്കുന്നതാണ്. ഇന്ധനികുതിയില്‍ കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കായിരുന്നിട്ടും ഇടത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തേക്കാള്‍ കുറഞ്ഞ ഇന്ധന വിലയാണുള്ളത്. ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാനത്തിന്റെ നയമാണ് ഓട്ടോ-ബസ് ചാര്‍ജ് വര്‍ദ്ധനവിന് വഴിവെച്ചത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിയില്‍ അധികം ചാര്‍ജാണ് കേരളത്തിലുള്ളത്. ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ജനങ്ങളെ മറന്ന് പണമുണ്ടാക്കാന്‍ നോക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അനുസരിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.