ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരിട്ട ആരോപണങ്ങൾക്ക് മറുപടിയുമായി’ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരിട്ട ആരോപണങ്ങൾക്ക് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം നിർണായക സംഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യം പോയ കാര്യത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പോറ്റിയുടെ വീട്ടിലല്ല, അന്നത്തെ പോറ്റിയുടെ വീട്ടിലാണ് പോയത്. 2017 എന്നാണ് എന്റെ ഓർമ. 2016ൽ മന്ത്രിയായപ്പോൾ ശബരിമലയിൽ പോകുമ്പോൾ പോറ്റിയെ കണ്ടിട്ടുണ്ട്. ഒരുദിവസം ശബരിമലയിൽ പോകുന്ന ദിവസം പോറ്റി എന്നെ വിളിച്ചിരുന്നു. കാരേറ്റുള്ള പോറ്റിയുടെ വീട്ടിലെ ഒരു കുട്ടിയുടെ ചടങ്ങിന് പങ്കെടുക്കാമോയെന്ന് ചോദിച്ചു. ആ നിർബന്ധത്തിന് വഴങ്ങി ഞാൻ പോയി.
പൊലീസ് അകമ്പടിയോടെയാണ് പോയത്.ഇന്നത്തെ തരത്തിലല്ലോ ഞാനും പലരും പോറ്റിയെ കണ്ടിട്ടുള്ളത്. ഇല്ലെങ്കിൽ പോകുമായിരുന്നില്ല. അയാൾ എനിക്ക് യാതൊരു തരത്തിലുള്ള സമ്മാനങ്ങളും തന്നിട്ടില്ല. എന്റെ മണ്ഡലത്തിനായി പോറ്റി യാതൊരു സ്‌പോൺസർഷിപ്പും നടത്തിയിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നടക്കുകയാണ്. പ്രതിപക്ഷം രാഷ്ട്രീയ താൽപര്യങ്ങളോടെയാണ് ഈ വിഷയത്തെ കാണുന്നത്. അവർക്ക് ഒരു ഇരയെ ആവശ്യമാണ്. സ്വർണക്കൊള്ളയിൽ ഒരു മന്ത്രിക്ക് പങ്കില്ലെന്ന് എല്ലാവർക്കും അറിയാം. പ്രതിപക്ഷത്തിന്റെ പ്രചാരണം ജനങ്ങൾക്കറിയാം’- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.