കടയ്ക്കാവൂര്‍ പോക്സോ കേസില്‍ വഴിത്തിരിവ്; മാതാവ് നിരപരാധിയാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മകന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: വിവാദമായ കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപണവിധേയയായ മാതാവ് നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ സുപ്രീം കോടതിയെ സമീപിച്ചു. പതിമൂന്നുകാരനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് തിരുവനന്തപുരം പോക്സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് ഹൈക്കോടതി കേട്ടതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ചാണ് മകന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അമ്മയുടെ ജാമ്യം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരന് വേണ്ടി അഭിഭാഷക അന്‍സു കെ വര്‍ക്കിയാണ് കേസ് ഫയല്‍ചെയ്തിരിക്കുന്നത്.