കമൽനാഥും മകനും ബിജെപിയിലേക്കോ; രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് നേതൃത്വം

ഭോപ്പാൽ: ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് മദ്ധ്യപ്രദേശ് രാഷ്ട്രീയം. പാർട്ടി നേതൃത്വത്തിൽ ചില കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് ബിജെപി അദ്ധ്യക്ഷൻ വിഡി ശർമ കഴിഞ്ഞ ദിവസമാണ് അവകാശപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനുമായ നകുൽ കമൽനാഥ് ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന അഭ്യൂഹം പരക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ പേര് നീക്കം ചെയ്ത നകുലിന്റെ നീക്കം ഒരു ചുവടുമാറ്റത്തിന്റെ ആദ്യ പടിയാണെന്നാണ് രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്. നകുലിനൊപ്പം കമൽനാഥും കോൺഗ്രസ് വിട്ടേക്കുമെന്നും ദേശീയ മാദ്ധ്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച കമൽനാഥ് ഡൽഹിയിലേക്ക് നടത്തിയ യാത്രയും അഭ്യൂഹത്തിന് ആക്കം കൂട്ടുന്നു. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പ് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മകൻ നകുൽ നാഥും ബിജെപി ക്യാമ്പിലേക്ക് എത്തുമെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കോൺഗ്രസ് നേതാവ് അശോക് സിംഗിനെ രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് നോമിനേറ്റ് ചെയ്യുന്നതിന് മുമ്പ് പാർട്ടി നേതൃത്വം തന്നോട് കൂടിയാലോചിക്കാത്തത് കമൽനാഥിനെ ചൊടിപ്പിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കമൽനാഥ് കോൺഗ്രസ് വിടുമോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നാണ് മുതിർന്ന നേതാവ് ദിഖ് വിജയ സിംഗ് പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ഞാൻ കമൽനാഥുമായി സംസാരിച്ചു. അദ്ദേഹം ചിന്ദാവാരയിലാണുള്ളത്. നെഹ്റു-ഗാന്ധി കുടുംബത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നേതാവാണ് കമൽനാഥ്. സോണിയ ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും കുടുംബത്തെ വിട്ട് അദ്ദേഹം പോകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട’- ദിഗ്‌ വിജയ സിംഗ് പറഞ്ഞു.

അതേസമയം, മദ്ധ്യപ്രദേശിലെ നിരവധി കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണെന്നാണ് ബിജെപി അദ്ധ്യക്ഷൻ വിഡി ശർമ്മ പറയുന്നത്. രാമപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കമൽനാഥോ അദ്ദേഹത്തിന്റെ മകനോ പാർട്ടിയിലേക്ക് വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ അഭ്യൂഹങ്ങൾ എല്ലാം കോൺഗ്രസ് തള്ളിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *