തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ അന്ത്യം കുറിക്കുന്നതിനുള്ള കരിനിയമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള ആരോപിച്ചു. ബാങ്ക് ജപ്തി നടപടികളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്ഥാവന സഹകരണ സംഘങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്നതിന് കാരണമായി. കർഷക കടാശ്വാസവുമായി ബന്ധപ്പെട്ട് എഴുതി തള്ളിയ വായ്പകൾ സർക്കാർ ഇതുവരെയും സഹകരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച് നൽകിയിട്ടില്ല. ഈ അനിശ്ചിതാവസ്ഥ നിലനിൽക്കേ5 സെൻ്റ് വസ്തു ഈടായി വച്ച് വായ്പയെടുത്ത് കുടിശിക വരുത്തിയവരുടെ വസ്തു ജപ്തി ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സഹകരണ മേഖലയുടെ നട്ടെല്ല് തകർക്കുന്നതാണ്.ഈ പ്രസ്ഥാവന സഹകരണ മേഖലക്ക് പൊതുവേയും ഹൗസിംഗ് സഹകരണ സംഘങ്ങൾക്ക് പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതാണ്.
സഹകരണ സംഘങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ മുൻ കാലങ്ങളിൽ ജില്ലാ സഹകരണ ബാങ്കുകൾ ഓവർ ഡ്രാഫ്റ്റ് സൗകര്യങ്ങൾ നൽകിയിരുന്നെങ്കിൽ ഇന്ന് കേരള ബാങ്ക് അത്തരം സഹായങ്ങൾ ലഭ്യമാക്കുന്നില്ല. മിസലേനിയസ് സംഘങ്ങളെ പടിക്കു പുറത്ത് നിർത്തുന്ന സമീപനമാണ് കേരള ബാങ്ക് പുലർത്തുന്നത്. സംഘങ്ങൾക്കനുവദിക്കുന്ന വായ്പകളിൽ നിന്ന് വലിയൊരു തുക കേരള ബാങ്ക് ഷെയറായി പിടിക്കുന്നതും സഹകരണ സംഘങ്ങളുടെ സാമ്പത്തിക തകർച്ചക്ക് കാരണമായി. നിക്ഷേപ സമാഹരണ യജ്ഞത്തിൻ്റെ ഭാഗമായി കാലാകാലങ്ങളായി പലിശ നിരക്ക് വർദ്ധിപ്പിക്കാറാണുളളത്. എന്നാൽ ഇപ്രാവശ്യം നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചത് വഴി നിക്ഷേപങ്ങൾ സമാഹരിക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയാതായതും നിക്ഷേപ സമാഹരണം സമ്പൂർണ്ണ പരാജയമായതും സംസ്ഥാന സർക്കാരിൻ്റെ അപക്വമായ സഹകരണ നയം മൂലമാണ് .
സംസ്ഥാന സർക്കാരിൻ്റെ വികലമായ സഹകരണ നയം മൂലം തകർന്നടിയുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്ന മെന്നാവശ്യപ്പെട്ട് സഹകരണ ജനാധിപത്യ വേദി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ മൂന്നാം ഘട്ടമായി കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സംഘടിപ്പിച്ച സഹകാരി ധർണ്ണ നെടുമങ്ങാട് കേരള ബാങ്കിൻ്റെ മുമ്പിൽ ഉദ്ഘാട നം ചെയ്തു സംസാരിക്കുകയായിരുന്നു കരകുളം കൃഷ്ണപിള്ള. , തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പുറത്താക്കാൻ മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസം രേഖപ്പെടുത്തിയാൽ മതിയെന്ന ദുഷ്ടലാക്കോടു കൂടിയ തീരുമാനം ഉടനടി പിൻവലിക്കണമെന്നും കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു. , ചിറയിൻകീഴ് താലൂക്കിൽ അടൂർ പ്രകാശ് MP യും ,തിരുവനന്തപുരത്ത് ഡിസിസി പ്രസിഡൻറ് പാലോട് രവിയും, നെയ്യാറ്റിൻകര എം വിൻസൻ്റ് MLA യും ,വെഞ്ഞാറമൂട് ഇ ഷംസുദീനും സഹകാരി ധർണ്ണകൾ ഉദ്ഘാടനം ചെയ്തു.