ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബിജെപി സര്‍ക്കാറിന്റെ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവെച്ച് പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു. ചില പദ്ധതികളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാതെ പണം നല്‍കിയിട്ടുണ്ട്. ചില പദ്ധതികളില്‍ ഒന്നും നടത്താതെ കടലാസില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി അവയെല്ലാം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിന് ശേഷം അനുമതി നേടിയവയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *