കർണാടകയിൽ അടിയന്തര യോഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം

ബെഗളൂരു: ബെംഗളൂരു യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനം. സംഭവം വിവാദമായതോടെ സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇടക്കാല പുനരധിവാസം ഉടൻ സജ്ജമാക്കാനാണ് ധാരണ. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി നിർണായക യോഗം വിളിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നാളെ വൈകുന്നേരമാണ് യോഗം നടക്കുക. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. എഐസിസി നിർദേശപ്രകാരമാണ് സർക്കാരിൻ്റെ ഇടപെടൽ.
സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയിൽ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുന്നൂറോളം വീടുകൾ തകർത്തത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് ഡിസംബർ 20 ന് പുലർച്ചെ യെലഹങ്കയിൽ വീടുകൾ പൊളിച്ചത്. അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാൻ എന്ന പേരിൽ പുലർച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും സർക്കാർ ബുൾഡോസറുകൾ വീടുകളുടെ അടിത്തറ പിഴുതുമാറ്റിയത്. യുപിയിലുൾപ്പെടെ ബിജെപിയുടെ ബുൾഡോസർ രാജിനെ വിമർശിക്കുന്ന കോൺഗ്രസ്, യെലഹങ്കയിൽ ബുൾഡോസർ രംഗത്തിറക്കിയതിന്റെ പേരിൽ രൂക്ഷമായ വിമർശനം നേരിടുകയാണ്.
അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുൾഡോസർ വിവാദത്തില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരവുമടക്കം രാഷ്ട്രീയമായി ഉയർത്തിയ വിമർശനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു. കർണാടക കോൺഗ്രസിൽ നിന്ന് എ ഐ സി സി വിശദീകരണം തേടി. കെസി വേണുഗോപാലാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിൽ നിന്ന് വിശദീകരണം തേടിയത്. വീടുകൾ പൊളിച്ചു മാറ്റിയ സംഭവം വിവാദത്തിലായതോടെയാണ് നടപടി. കയ്യേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികൾ പാലിച്ചാണ് ഒഴിപ്പിക്കൽ നടത്തിയതെന്നുമാണ് ഡികെ ശിവകുമാറിന്റെ വിശദീകരണം.