കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; യോഗത്തിന് എത്തിയവർക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല, വിജയ് സ്വന്തം പിഴവുകൾ മറച്ചുവെച്ച് സർക്കാരിനെ പഴിക്കുന്നു: സെന്തിൽ ബാലാജി

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മറുപടിയുമായി സെന്തിൽ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് വ്യക്തമാക്കിയ സെന്തിൽ ബാലാജി സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരന്തമെന്ന് പ്രതികരിച്ചു. മരിച്ചവരിൽ 31 പേർ കരൂർ സ്വദേശികളാണ്. മിക്കവരും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. യോഗത്തിന് എത്തിയവർക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല. ഡിഎംകെ യോഗങ്ങളിൽ അതല്ല പതിവെന്നും സെന്തിൽ ബാലാജി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ടിവികെ ഒരുക്കിയില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്തിൽ ബാലാജി വ്യക്തമാക്കിയത്.

നൂറുകണക്കിന് ചെരുപ്പുകളാണ് ചിതറിക്കിടന്നത്. ഒരു വെള്ളക്കുപ്പിയോ ബിസ്കറ്റ് കവറോ കണ്ടില്ല. അനുവദിച്ച സമയത്ത് വിജയ് വന്നിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു. 4 മണിക്ക് വിജയ് എത്താതിരുന്നതാണ് ദുരന്തത്തിന് കാരണമെന്നും സെന്തിൽ ബാലാജി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. വിജയ് വരും മുൻപേ പ്രശ്നങ്ങൾ തുടങ്ങിയെന്നും ആളുകൾ കുഴഞ്ഞുവീണിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രദ്ധ ക്ഷണിക്കാൻ ആരെങ്കിലും ചെരുപ്പ് എറിഞ്ഞത് ആകാമെന്നാണ് വിജയ്ക്ക് നേരെയുണ്ടായ ചെരിപ്പേറിനെ കുറിച്ച് ബാലാജി പ്രതികരിച്ചത്.

കരൂരിൽ മാത്രം പ്രശ്നം എങ്ങനെ എന്നാണ് ചോദിക്കുന്നതെന്നും ബാലാജി വിജയ് യെ പരിഹസിച്ചു. അമിതവേഗത്തിൽ എന്നും വാഹനം ഓടിക്കുന്ന ആൾ ഒരു ദിവസം മാത്രം തനിക്ക്‌ അപകടം സംഭവിച്ചതിന്റെ കാരണം ചോദിക്കുന്നത് പോലെയുള്ള പ്രതികരണമാണിത്. എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിജയ് വാഹനത്തിന് മുകളിൽ നിന്നത് 19 മിനിറ്റാണ്. തന്നെ കുറിച്ച് അവസാനം സംസാരിക്കാം എന്നാണ് പറഞ്ഞത്. 6 മിനിറ്റ് കഴിഞ്ഞപ്പോൾ ചെരുപ്പ് എറിഞ്ഞു. തന്നെ കുറിച്ച് പറഞ്ഞത് 16ആം മിനിട്ടിലാണ്. വിജയ് തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സെന്തിൽ ബാലാജി കുറ്റപ്പെടുത്തി. സ്വന്തം പിഴവുകൾ മറച്ചുവെച്ച് സർക്കാരിന് മേൽ പഴി ചാരാനാണ് ശ്രമം.

ആളുകളെ സഹായിക്കാൻ പെട്ടെന്ന് എത്തുന്നത് ശീലമാണ്. പാർട്ടി ഏതെന്ന് നോക്കിയല്ല ഇടപെടലുകൾ. താൻ ആശുപത്രിയിൽ എത്തുമ്പോൾ മറ്റു പാർട്ടിക്കാരും ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബാലാജി താന്‍ എന്ത് ചെയ്യണമായിരുന്നുവെന്നും ചോദിച്ചു. ടിക്കറ്റ് എടുത്തു ചെന്നൈക്ക് പോകണമായിരുന്നോ? വിജയ് രാഷ്ട്രീയക്കാരന്‍റെ കടമ നിര്‍വഹിച്ചുവെന്നും സെന്തിൽ ബാലാജി ഒളിയമ്പെയ്തു.