കരൂര്‍ ദുരന്തം: ടിവികെ നേതാക്കള്‍ റിമാന്‍ഡില്‍

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജ് എന്നിവരെ റിമാന്‍ഡ് ചെയ്തു. കരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് കോടതിയുടേതാണ് ഉത്തരവ്. കോടതിവിധിയില്‍ നിയമപോരാട്ടം തുടരുമെന്ന് ടിവികെയുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

നിയമവിരുദ്ധമായാണ് ടിവി കെ നേതാക്കള്‍ക്കെതിരെ കേസെടുത്തതെന്നും അത് കോടതിയില്‍ തെളിയിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതിയില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. ടിവികെയോട് കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തി. ഒരു മണിക്കൂറോളം നീണ്ട വാദമായിരുന്നു കോടതിയില്‍ നടന്നത്. വിജയ് വന്നാല്‍ പാര്‍ട്ടിക്കാര്‍ വന്നില്ലെങ്കിലും പൊതുജനം വരുമെന്ന് അറിഞ്ഞുകൂടെ എന്ന് കോടതി ചോദിച്ചു. വിജയുടെ ബസ് പോകാന്‍ സര്‍ക്കാരും പൊലീസും സൗകര്യം ഒരുക്കിയില്ലെന്നും അവശ്യപ്പെട്ടിട്ടും വേലുചാമിപുരത്തെ റോഡിലെ ഡിവൈഡറുകള്‍ പോലീസ് മാറ്റിവെച്ചില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിപാടി റദ്ദാക്കാനുള്ള അവകാശം പൊലീസിനുണ്ട്. സുരക്ഷാപ്രസംഗം ഉണ്ടായിട്ടു എന്തുകൊണ്ട് പോലീസ് പരിപാടി റദ്ദാക്കിയില്ല എന്നും ടിവികെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം മതിയഴകനോടും നേതാക്കളോടും തിരക്കൊഴിവാക്കാന്‍ വിജയിയെ വേഗത്തിലെത്തിക്കണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ മനഃപൂര്‍വ്വം വിജയിയെ വൈകിപ്പിച്ചെന്നും ഡിഎസ്പി ശെല്‍പ്പരാജ് പറഞ്ഞു. പൊലീസിന്റെ നിര്‍ദേശങ്ങള്‍ ടിവികെ ലംഘിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.