കരൂര്‍ ദുരന്തം: സിബിഐ ചോദ്യം ചെയ്യലിന് വിജയ് ഡല്‍ഹിയില്‍ ഹാജരായി

കരൂരില്‍ രാഷ്ട്രീയ റാലിക്കിടെ നടന്ന ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കുന്നതിനായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെത്തി. രാവിലെ 11.30ഓടെയാണ് വിജയ് ഹാജരായത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡ ലംഘനങ്ങളുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്.
ചോദ്യം ചെയ്യലിന് മുമ്പായി വിജയിയുടെ പ്രചാരണ വാഹനം ഇന്നലെ സിബിഐ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച നിര്‍ണായക ചോദ്യങ്ങളാണ് അന്വേഷണസംഘം മുന്നോട്ടുവയ്ക്കുന്നത്.
കരൂര്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത് ആരാണ്, വിജയ് എപ്പോഴാണ് വിവരം അറിഞ്ഞത്, പരിപാടിയുടെ ആസൂത്രണത്തിനും ഏകോപനത്തിനും പാര്‍ട്ടിയില്‍ ഉത്തരവാദിത്തം ഏറ്റത് ആരെന്നതുമാണ് സിബിഐ അന്വേഷിക്കുന്നത്. കൂടാതെ പരിപാടിക്ക് ലഭിച്ച അനുമതികള്‍ എന്തെല്ലാമായിരുന്നു, അപകടസാധ്യത മുന്‍കൂട്ടി വിലയിരുത്തിയിരുന്നോ, പൊലീസുമായി എത്രത്തോളം ഏകോപനം ഉണ്ടായിരുന്നു എന്നിവയും പരിശോധിക്കുന്നു.