കരുവന്നൂര്‍ തട്ടിപ്പുകേസ് : അരവിന്ദാക്ഷനും ജില്‍സും വൈകിട്ട് 4 വരെ കസ്റ്റഡിയില്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാംഗം പി.ആര്. അരവിന്ദാക്ഷന്, ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവരെ ഇന്നുവൈകിട്ട് നാലുവരെ ചോദ്യംചെയ്യാന്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച് എറണാകുളത്തെ പി.എം.എല്‍.എ കോടതിയുടേതാണ് ഉത്തരവ്.
കസ്റ്റഡിയിലിരിക്കെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ഇരുവര്‍ക്കും കോടതി അനുമതി നല്കി. മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്താല്‍ ഒരുമണിക്കൂര്‍ ഇടവേള അനുവദിക്കണം. പ്രതികളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കരുത്. വൈകിട്ട് നാലിന് കോടതിയില്‍ തിരികെ ഹാജരാക്കണം. അരവിന്ദാക്ഷന് നല്കിയ ജാമ്യാപേക്ഷ കോടതി 30ന് പരിഗണിക്കാന്‍ മാറ്റി. ഇ.ഡിയോട് ജാമ്യഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാനും നിര്‍ദ്ദേശിച്ചു. അരവിന്ദാക്ഷനെ കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. ജില്‍സിനെ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, തൃശൂർ സഹകരണബാങ്ക് സെക്രട്ടറി ബിനു, അറസ്റ്റിലായ പി. സതീഷ്കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യംചെയ്തു. ചൊവ്വാഴ്ച അറസ്റ്റിലായ അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിൽ കിട്ടിയശേഷമാണ് ചോദ്യംചെയ്യുന്നത്. തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്കുമാറുമായുള്ള ബന്ധം, സാമ്പത്തിക, ബിനാമി ഇടപാടുകൾ എന്നിവയുടെ വിവരങ്ങളാണ് ചോദിച്ചത്. തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകൾ, ഉന്നതരുടെ ബന്ധങ്ങൾ തുടങ്ങിയവ സംബന്ധിച്ചും ഇന്ന് വൈകിട്ട് കസ്റ്റഡി തീരുംവരെ ചോദിക്കുമെന്നാണ് സൂചന. ഇരുവരും നടത്തിയ സംശയകരമായ പണമിടപാടുകൾ സംബന്ധിച്ചും ഇ.ഡി പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലും ചോദ്യംചെയ്യുന്നുണ്ട്. സതീഷ്കുമാർ തൃശൂർ സഹകരണബാങ്കിൽ നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് ബിനുവിനോട് ചോദിച്ചത്. കഴിഞ്ഞദിവസം ആവശ്യപ്പെട്ട കൂടുതൽ രേഖകളും ബിനു ഹാജരാക്കി. സതീഷ്കുമാർ നേരിട്ടും ബിനാമിയായും തൃശൂർ ബാങ്കിൽ നടത്തിയ ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. സതീഷ്കുമാറിന്റെ ബിനാമി സ്വത്തുക്കൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഉന്നതരുമായുള്ള ബന്ധം തുടങ്ങിയവയാണ് ബിന്ദുവിനോട് ചോദിച്ചതെന്നാണ് സൂചന.