സോളര്‍ കേസില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി.ഗണേഷ് കുമാര്‍. സിബിഐ റിപ്പോര്‍ട്ടില്‍ താന്‍ ഗൂഢാലോചന നടത്തിയതായി പറയുന്നില്ലെന്നും തനിക്കെതിരെ തോന്നിവാസങ്ങള്‍ പറഞ്ഞാല്‍ ഇടതുപക്ഷം മറുപടി പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കൊല്ലം കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ സമ്മേളനത്തിലാണു ഗണേഷ് കുമാറിന്റെ പ്രതികരണം.
ആര്‍. ബാലകൃഷ്ണ പിള്ള കേസില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അതു യുഡിഎഫിലെ ചില പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണെന്നു നേതാക്കന്മാര്‍ മനസിലാക്കിക്കൊണ്ടു വേണം എനിക്കെതിരെ പ്രസംഗിക്കാന്‍. എനിക്കെതിരെ തോന്നിവാസങ്ങള്‍ പറഞ്ഞാല്‍ ഈ കഥ മുഴുവന്‍ അറിയുന്ന അനേകമാളുകളുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ്. ഇടതുപക്ഷം ഇതിനു മറുപടി പറയും.
77 പേജുള്ള സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍നിന്നു വാങ്ങിയിട്ടുണ്ട്. അതില്‍ മുഖ്യമന്ത്രിയോ ഞാനോ ഗൂഢാലോചന നടത്തിയതായി പറയുന്നില്ല. ഗൂഢാലോചന നടത്തിയല്ല, നേരായ വഴിയിലൂടെയാണു രാഷ്ട്രീയത്തില്‍ വന്നത്. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഭൂരിപക്ഷം കൂട്ടിക്കൊണ്ടാണു വിജയിച്ചുവന്നത്. സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലെയല്ല കേരള കോണ്‍ഗ്രസ്. ഇന്നു പാര്‍ട്ടി വളരുകയാണ്” ഗണേഷ് കുമാര്‍ പറഞ്ഞു.