കെനിയയിലെ വാഹനാപകടം; മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

നെയ്‌റോബി: കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു. മലയാളി സംഘടനാ പ്രവർത്തകരൊക്കെ ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തിൽ നഷ്ടമായ യാത്രാരേഖകളും മറ്റും കണ്ടെത്തേണ്ടതുണ്ട്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവയിലെ ഓളോ ജൊറോക്-നകൂറു ഗിച്ചാഖ മേഖലയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടമുണ്ടായത്. ഖത്തറിൽ നിന്ന് കെനിയയിൽ കുടുംബസമേതം വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് നൂറു മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു.
26 പേർക്ക് പരിക്കേറ്റു.മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെ മകൾ ജെസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര) , പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ഗീത ഷോജി ഐസക്ക് (58) എന്നിവരാണ് മരിച്ചത്.
ജസ്നയുടെ ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർക്കടക്കം പരിക്കേറ്റു.ഖത്തറിൽ എയർപോർട്ട് മെയിന്റനൻസ് കമ്പനി ഉദ്യോഗസ്ഥനായ ജോയലിന്റെ ട്രാവൽ കമ്പനിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്. മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.