നിയമസഭാ തിരഞ്ഞെടുപ്പ് : ഇരുണ്ട കാലം’ ക്യാമ്പയിന് തുടക്കം കുറിച്ച് സിപിഎം

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുൻ യു ഡി എഫ് സർക്കാരിന്റെ കാലത്തെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് സി പി എം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. ‘ഇരുണ്ട കാലം’ എന്ന പേരിലുള്ള ഈ വെബ്സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തുണ്ടായ വിവാദങ്ങളും അഴിമതി കേസുകളും വിശദമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാർട്ടി നീക്കം. ‘മകനേ തിരിച്ച് വരല്ലേ’ എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വ‍ർഷമായി തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ഈ വെബ്സൈറ്റ് ഗുണമാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്.

വിശദവിവരങ്ങൾ
2011-16 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി നയിച്ച യു ഡി എഫ് സർക്കാരിന്റെ അഴിമതി ആരോപണങ്ങളാണ് വെബ്സൈറ്റിൽ പങ്കുവച്ചിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാരിലെ ഓരോ വകുപ്പിലും ഉയർന്ന അഴിമതി ആരോപണങ്ങളുടെ വിശദാംശങ്ങളും മന്ത്രിമാരുടെ വിദ്വേഷ പരാമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോ​ഗ്യരം​ഗത്തും വിദ്യാഭ്യാസ മേഖലയിലും നേരിട്ട വെല്ലുവിളികളും പരാമർശിക്കുന്നതാണ് വെബ്സൈറ്റ്. പവർകട്ട്, ലോ​ഡ്ഷെഡിംഗ്, കെ എസ് ആർ ടി സിയിലെ വെല്ലുവിളി, ബാർകോഴ, സോളാ‌ർ അഴിമതി തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ അഞ്ച് വർഷ ഭരണത്തിലെ പോരായ്മകൾ ഓരോന്നായി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ദേശീയപാതാ വികസനം, ​ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളിൽ യു ഡി എഫ് സർക്കാർ എന്ത് ചെയ്തെന്ന ചോദ്യവും ‘ഇരുണ്ടകാലം’ ഉയർത്തുന്നുണ്ട്