കണ്ണേ… കരളെ വി.എസെ.., വിപ്ലവ നായകന് വിട നൽകാൻ കേരളം ; വി എസിന്റെ സംസ്‌കാരം മറ്റന്നാള്‍ പുന്നപ്രയിൽ

അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്. സഖാവിന്റെ നിര്യാണത്തില്‍ പാര്‍ട്ടിയും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് അഞ്ചരയോടെ മൃതദേഹം എകെജി പഠനഗവേഷണത്തിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനം അനുവദിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് രാവിലെ മൃതദേഹം ദബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം ദേശീയ പാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ രാത്രിയാകുമ്പോള്‍ എത്തിച്ചേരും. പോകുന്ന വഴികളിലെല്ലാം പ്രിയസഖാവിനെ ഒരുനോക്ക് കാണാന്‍ അവസരമൊരുക്കും. രാത്രിയോടെ ആലപ്പുഴിലെ വീട്ടിലെത്തിക്കും. മറ്റന്നാള്‍ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുക്കാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്ന് എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്ര്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ അവരെ വി എസ് ബെൽറ്റൂരി അടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു.

ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ വി എസിന് പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചു.