പുതുജീവിതത്തിലേക്ക് ; വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ താക്കോൽ ദുരന്തബാധിതര്‍ക്ക് അൽപ്പസമയത്തിനകം കൈമാറും. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.