കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

ന്യൂഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് നാലിനായിരിക്കും. കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രിൽ ഒമ്പതിന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23ന് തമിഴ്നാട്ടിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മേയ് നാലിനായിരിക്കും. പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതായി കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് എസ് ഐആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23-ാം തീയതിയാണ്.
നാമനിർദേശപത്രികാ പരിശോധന മാർച്ച് 24ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്.തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. വോട്ടർമാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.38 കോടി സ്ത്രീ വോട്ടർമാരും 1.32 പുരുഷ വോട്ടർമാരും പട്ടികയിലുണ്ട്. ഇത്തവണ 4.24 ലക്ഷം കന്നി വോട്ടർമാരാണ് ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഒരുങ്ങുന്നത്.
അസമിൽ 2.50 കോടി വോട്ടർമാരും, കേരളത്തിൽ 2.70 കോടി വോട്ടർമാരും, പുതുച്ചേരിയിൽ 9.44 ലക്ഷം വോട്ടർമാരും, തമിഴ്‌നാട്ടിൽ 5.67 കോടി വോട്ടർമാരും, പശ്ചിമ ബംഗാളിൽ 6.44 കോടി വോട്ടർമാരുമാണുള്ളത്. വോട്ടിംഗ് മെഷീനുകളിൽ ഇക്കുറി വോട്ടർമാർക്ക് സ്ഥാനാർത്ഥികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ പതിപ്പിക്കുമെന്നും ഗ്യാനേഷ് കുമാർ അറിയിച്ചു.