തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഗവര്‍ണര്‍ തന്റെ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത്. നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്ന വിമര്‍ശനവും കേരളം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെടേണ്ട സാഹചര്യമാണെന്നും ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.
ഗവര്‍ണര്‍ അസാധാരണമായ നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. ഗവര്‍ണറുടെ പെരുമാറ്റം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം. ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാള്‍ പ്രതിഷേധിക്കുന്നവര്‍ക്കുനേരെ പാഞ്ഞടുക്കുകയെന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്തതാണ്. തെറ്റായ രീതിയില്‍ കാര്യങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് നോക്കാനാണല്ലോ നിയമപരിപാലനത്തിനുള്ള ഉദ്യോഗസ്ഥരുള്ളത്.അദ്ദേഹം വ്യക്തിപരമായി ഇടപെടേണ്ട കാര്യം വരുന്നില്ല. എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥയില്‍ അദ്ദേഹം എത്തി.
അത് ശരിയായ രീതിയാണോ എന്നും മുഖ്യമന്ത്രി നേരത്തെ ചോദിച്ചിരുന്നു.വ്യക്തിപരമായി ആക്ഷേപിക്കുക മാത്രമല്ല, ഒരു നാടിനെത്തന്നെ ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന ബന്ധം കൂടുതല്‍ വഷളാവുക എന്നതല്ല ഉദ്ദേശ്യമെങ്കില്‍ ഇത്തരം സമീപനങ്ങള്‍ തിരുത്താനുള്ള ഇടപെടലുകളുണ്ടാകണം. അങ്ങേയറ്റം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഗവര്‍ണര്‍ കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സര്‍ക്കാരിന് ഉന്നയിക്കേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു.