മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ രൂക്ഷമായി വിര്‍ശിച്ച് ഹൈക്കോടതി;
നിബന്ധനകള്‍ എല്ലാവര്‍ക്കും ബാധകം

ചലച്ചിത്രതാരം മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി വിമര്‍ശനം. ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ ഒമ്പതിന് നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരാന്‍ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം തേടിയിരുന്നു. കാര്‍ എത്തിയപ്പോള്‍ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് താത്ക്കാലികമായി മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട് .
എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ നോട്ടീസിലെ ആവശ്യം. രണ്ടു മെമ്പര്‍മാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങള്‍ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങള്‍ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്.
സ്വാധീനമുളളവര്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന എന്തുകൊണ്ട് എന്ന് ചോദിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *