കഴിഞ്ഞ വർഷം ലഭിച്ചത് എഴുന്നൂറോളം; കഴിഞ്ഞ രണ്ട് ദിവസങ്ങളായി കിട്ടിയത് പത്തോളം; വെറൈറ്റി കുടകളുടെ വൻ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോയിൽ

മഴക്കാലമായിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും ആവശ്യമായ ഒന്നാണ് കുട. എന്നാൽ മഴ മാറിയാൽ ആദ്യം മറക്കുന്നതും കുട തന്നെയാണ്. ഇത്തരത്തിൽ മറന്ന് വെച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോ അധികൃതരുടെ പക്കൽ.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മെട്രോ അധികൃതർക്ക് ലഭിച്ചിട്ടുള്ളത്. വൈറ്റിലയിൽ നിന്നും ആറെണ്ണവും കടവന്ത്രയിൽ നിന്ന് നാലെണ്ണവുമാണ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മഴക്കാലത്തെ ട്രെൻഡ് ഇത്തവണയും തുടരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
766 കുടകളാണ് കഴിഞ്ഞ വർഷം കൊച്ചി മെട്രോയിൽ നിന്നും ആകെ കണ്ടെത്തിയത്. ഇതിൽ 30 എണ്ണം മാത്രമാണ് മടക്കി നൽകിയത്. തങ്ങളുടെ പക്കൽ വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടെന്ന് മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. എന്നാൽ, കുടകൾ മാത്രമല്ല മെട്രൊയിൽ നിന്ന് ഉടമസ്ഥരില്ലാത്ത നിലയിൽ ലഭിക്കാറുള്ളത്. ഹെൽമറ്റ്, പണം, വാച്ച്, ബാഗ്, രേഖകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ എന്നിവയും ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ കൊച്ചി മെട്രോയുടെ വെബ് സൈറ്റിൽ ഉൾപ്പെടെ പങ്കുവയ്ക്കാറുണ്ടെന്നും മതിയായ രേഖകൾ സമർപ്പിച്ച് തിരികെ സ്വന്തമാക്കാൻ അവസരം ഉണ്ടെന്നും അധികൃതർ പറയുന്നു.
ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷൻ കൺട്രോളർക്ക് കൈമാറുന്നതാണ് രീതി. ഇത്തരം സാധനങ്ങളുടെ വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തി സുക്ഷിക്കും. ഈ വിവരങ്ങളാണ് പിന്നീട് കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. വസ്തുക്കൾ കണ്ടെത്തിയ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഉടമസ്ഥർ എത്തിയില്ലെങ്കിൽ അത് സ്റ്റേഷനുകളിൽ നിന്നും മുട്ടത്തുള്ള ഡി-കോസിലേക്ക് മാറ്റുകയും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ വർഷവും ലേലത്തിലൂടെ നീക്കം ചെയ്യുന്നതുമാണ് രീതിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കെഎംആർഎല്ലിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1565 സാധനങ്ങളാണ് 2024 ൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇതിൽ 123 എണ്ണം ഉടമസ്ഥർക്ക് തിരികെ നൽകി. മുട്ടത്തെ ഡി കോസിലേക്ക് 1237 എണ്ണം മാറ്റിയപ്പോൾ 140 എണ്ണം ബാങ്കിലേക്ക് മാറ്റി. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ 9 രേഖകൾ (കാർഡുകൾ ഉൾപ്പെടെ) ബന്ധപ്പെട്ടവർക്ക് അയച്ചുനൽകിയിട്ടുണ്ടെന്നും കെഎംആർഎൽ വ്യക്തമാക്കുന്നു.