കേരള നിയമസഭയില്‍ ഇന്ന്

പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരമുയര്‍ത്താന്‍ കര്‍മ്മപദ്ധതി ആവിഷ്കരിക്കും : മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരമുയര്ത്തുന്നതിനു സജീവമായ കര്‍മപദ്ധതി ആവിഷ്ക്കരിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ കെട്ടിട നിര്‍മാണം, നിലവിലെ കെട്ടിടങ്ങളുടെ നവീകരണം, ജൈവ വൈവിദ്യ ഉദ്യാനം, ബട്ടര്‍ഫ്ളൈ പാര്‍ക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങളാണു പരിഗണനയിലുള്ളത്. പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ്
ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനു കൂടുതല്‍ ക്രിയാത്മക നടപടിയെടുക്കും.
ഇതിനായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ പ്രവര്‍ത്തനം
വ്യാപിപ്പിക്കും. ഇംഗ്ലീഷിനു മാത്രമായി അധ്യാപകരില്ലാത്ത ഹൈസ്കൂളുകളില്‍ തസ്തിക അനവദിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കും : മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമിനിധി ബോര്‍ഡും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എഐടിഎഐ ലിമിറ്റഡ് പാലക്കാടുമായി ചേര്‍ന്നു കേരള സവാരി എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്സി/ഓട്ടോ സര്‍വീസ് സംസ്ഥാനത്തു ആരംഭിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി. പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡ്രൈവര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം നടന്നു കഴിഞ്ഞു. രണ്ടാംഘട്ടം ഈ മാസം നടക്കും. തിരുവനന്തപുരത്ത് കേരള സവാരിയുടെ പൈലറ്റ് പ്രോജക്ട് നടപ്പാക്കും. ഇതിനായി 75 ഓട്ടോകളും 25 ടാക്സികളുമുള്പ്പടെ 100 വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് 136291 അമപക്ഷകള് തീര്‍പ്പാക്കി : മന്ത്രി കെ.രാജന്
തിരുവനന്തപുരം : ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് 2,04,409 ഓഫ് ലൈന്‍
അപേക്ഷകളില്‍ 1,36,291 അപേക്ഷകള്‍ തീര്‍പ്പാക്കിയെന്നു മന്ത്രി കെ രാജന്. ശേഷിക്കുന്നവ നവംബറില്‍ തീര്‍പ്പാക്കും. ഡിജിറ്റല്‍ റീസര്വേയയുടെ ഭാഗമായി ‘എന്റെ ഭൂമി’ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍
കൊണ്ടുവരും. എന്‍ഐസിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന
ഏകജാലക സംവിധാനം നിലവില്‍ വരുന്നതോടെ ഭൂമി സര്‍വേയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി 1666 വില്ലേജില്‍ 565 വില്ലേജ്
സ്മാര്‍ട്ട് വില്ലേജാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ ഇതിനകം ഇ
ജില്ലകളാക്കി മാറ്റി. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച്
ഇതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്കാന് ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള തുക കൂടി വകയിരുത്തി 14 ജില്ലകളും ഇ ജില്ലകളാക്കി മാറ്റാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി യുണീക് തണ്ടപ്പേര് നടപ്പാക്കുന്ന സംസ്ഥാനമായി കേരളം
മാറുകയാണ്. കേരളത്തില്‍ എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരില്‍ അത്
രേഖപ്പെടുത്താനാകുമെന്നും മന്ത്രി രാജന് പറഞ്ഞു.
കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ നടപടികള്‍ക്കു നിര്‍ദേശം നല്കി : മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : കൂളിമാട് പാലം നിര്‍മാണ സമയത്ത് തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് എന്‍ഐടിയില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രോളിക് ജാക്കില്‍ കണ്ടെത്തിയ തകരാറും ദൃക്സാക്ഷികളുടെ മൊഴിയും ബീം മറിഞ്ഞുവീണ രീതിയും വിശകലനം ചെയ്തു. ജാക്കിന്റെ പ്രവര്‍ത്തനത്തിലുണ്ടായ അപാകതയാണ് അപകടത്തിനു കാരണമായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കരാര്‍ കമ്പനി നിയോഗിച്ച ജീവനക്കാര്‍ക്കു പ്രവൃത്തി പരിചയവും നൈപുണ്യവും
ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശാസ്ത്രീയമായ ഗുണനിലവാര
പരിശോധന റിപ്പോര്‍ട്ട് പ്രകാരം പ്രവൃത്തിയുടെ ഗുണനിലവാരം
തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
പാലത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന് അവധി അനുവദിക്കുമ്പോള്‍ പകരം മേല്‍നോട്ടത്തിനു ക്രമീകരണം ഏര്‍പ്പെടുത്താത്തതിന് എക്സിക്യുട്ടീവ് എഞ്ചിനീയറോടും
പ്രവൃത്തിയുടെ പൂര്‍ണമായ മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു കാരണക്കാരായ അസിസ്റ്റന്റ് എഞ്ചിനീയറോടും വിശദീകരണം നേടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
പാലാരിവട്ടവും കൂളിമാടും താരതമ്യപ്പെടുത്താനാകില്ല: മന്ത്രി റിയാസ്
തിരുവനന്തപുരം : പാലാരിവട്ടം പാലം കേസും കൂളിമാട് പാലം തകര്‍ന്നതും ഒന്നുപോലെ കാണാനാകില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ടു സ്വീകരിക്കുകയല്ല ഈ സര്‍ക്കാര്‍
ചെയ്തത്. പാലാരിവട്ടം പാലം നിര്‍മാണത്തിനു നല്കിയതുപോലെ മൊബിലൈസേഷന്‍ അഡ്വാന്‍സ് ഇവിടെ
നല്‍കിയിട്ടില്ല. പാലാരിവട്ടത്ത് സിമന്റും കമ്പിയും കുറവായിരുന്നു.
അത്തരത്തില്‍ ഒന്നും ഇവിടെ സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം ഫ്ളൈ ഓവര്‍ നിര്‍മാണം നടത്തിയ കരാര്‍ കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ദേശീയപാത സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഡബ്ല്യൂഡി മാനുവല്‍ പ്രകാരവും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരവുമാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കുടുതല്‍ സുരക്ഷ ഉറപ്പാക്കും : മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : സംസ്ഥാനത്തു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ ആലോചിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സുരക്ഷ, പരിപാലനം എന്നിവയ്ക്കായി യുവജനങ്ങളെ നിയോഗിക്കാന്‍ യുവജനക്ഷേമ ബോര്‍ഡിന്റെ സഹായത്തോടെ
പദ്ധതി ആലോചനയിലാണ്. വിനോദ സഞ്ചാരമേഖലയില്‍ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിശീലനം നേടിയ ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. 138 ലൈഫ് ഗാര്‍ഡുകളാണ്
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.